money

കോഴിക്കോട്: ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന 20 ലക്ഷം വീതമുള്ള ധനസഹായം ഇന്ന് വൈകീട്ട് നാലിന് വടകര ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിതരണം ചെയ്യും. ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിക്കും. വാഹനാപകടത്തിൽ മരിച്ച നന്ദു പ്രശാന്ത്, തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച എം.കെ. രാജൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം നല്ക്കുന്നത്. സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് സൊസൈറ്റിയും സൊസൈറ്റിയുടെ കൾച്ചറൽ സെന്ററും ചേർന്ന് നല്കുന്ന ക്യാഷ് അവാർഡും മന്ത്രി സമ്മാനിക്കും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ആർ.സി. റോഷൻ രാജ്, റഷ്യയിലെ നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ അഥീന വിനയകുമാർ എന്നിവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർക്ക് സംഘം മുൻ‌പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്.