 
കൽപ്പറ്റ: കോഴിക്കോട് ഊട്ടി ദേശീയപാതയുടെ ഭാഗമായ ചുണ്ടേൽ മുതൽ റിപ്പൺ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം ഇഴയുന്നു. പ്രവർത്തി ആരംഭിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതിനാൽ പ്രവർത്തി മെല്ലെയാണ് നീങ്ങുന്നത്.
താഴ്ന്ന സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും വീതി കൂട്ടിയും കലുങ്കുകളും ഓവുചാലുകളും നിർമിച്ചും ആധുനിക രീതിയിൽ റോഡ് നവീകരിക്കാൻ 15 കോടി രൂപയാണ് അനുവദിച്ചത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മഴക്കാലത്ത് റോഡ് ചെളിക്കുളമായി ഗതാഗതം ദുഷ്‌ക്കരമായിരുന്നു. മഴ മാറിയതോടെ പൊടി ശല്യം രൂക്ഷമായി. വാഹനങ്ങളിലെ യാത്രക്കാരും വഴിയോരങ്ങളിലെ കുടുംബങ്ങളും പൊടിശല്യം മൂലം വലയുകയാണ്.
അന്തർ സംസ്ഥാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. കൂടാതെ ടിപ്പർ ലോറികളും ചീറിപ്പായുന്നു.
തമിഴ്നാട് ഈറോഡിലുള്ള ഒരു കമ്പനിയാണ് റോഡ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. ഇവർ നിർമാണ പ്രവർത്തി സബ് കോൺട്രാക്ട് നൽകിയിട്ടുണ്ട്.
ചുണ്ടേൽ റിപ്പൺ റോഡിൽ മേപ്പാടി പൊലീസ് സ്‌റ്റേഷന് സമീപം രണ്ട് കിലോമീറ്ററോളം ദൂരം റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്നതിനുള്ള മറ്റൊരു പ്രവർത്തി പി.ഡബ്ല്യൂ.ഡി. റോഡ്സ് വിഭാഗം കരാർ നൽകിയിട്ടുണ്ട്. അതിനിടെ റോഡ് പൊളിച്ച ഭാഗങ്ങളിൽ മെറ്റലും പാറപ്പൊടിയും അടങ്ങിയ മിശ്രിതം അടുത്തയാഴ്ചയോടെ നിക്ഷേപിച്ചു തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മിശ്രിതം റോഡിൽ നിക്ഷേപിച്ച ശേഷം നിശ്ചിത സമയം കഴിഞ്ഞാണ് അടുത്ത പ്രവർത്തി തുടങ്ങുക. കൊവിഡ് കാരണം തൊഴിലാളികളെ കിട്ടാനില്ലാത്തത് കൊണ്ടാണ് പ്രവർത്തി വൈകുന്നതെന്നും അവർ പറയുന്നു.
എന്നാൽ പനമരം പച്ചിലക്കാട് മീനങ്ങാടി റോഡ് നവീകരണം പൂർത്തിയാക്കിയത് ലോക്ഡൗൺ കാലത്താണ്. ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും പരിഹാരമായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.