bjp

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ 11.30ന് ദേശീയപാതയിൽ സമര ശൃംഖല തീർക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ അറിയിച്ചു. ജില്ലാ അതിർത്തിയായ അഴിയൂർ മുതൽ രാമനാട്ടുകര വരെ ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് സമരശൃംഖല സംഘടിപ്പിക്കുക.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ അമ്പത് മീറ്ററിലും അഞ്ച് പേർ എന്ന രീതിയിലാണ് പങ്കെടുക്കുക. സമര ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് വണ്ടിപ്പേട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ വടകരയിലും സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് രാമനാട്ടുകരയിലും ഉത്തരമേഖലാ അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ കൊയിലാണ്ടിയിലും സമരശൃംഖല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, മേഖലാ ജില്ലാ സമിതി ഭാരവാഹികൾ തുടങ്ങിയവർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും.