kappad

കാപ്പാട് ബീച്ച് ഇന്ന് മുതൽ പ്രവർത്തിക്കും

കോഴിക്കോട് : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്ലൂ ഫ്ലാഗ് നേടിയ കാപ്പാട് ബീച്ച് ഇന്നു മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഒരു മണിക്കൂർ സമയമാണ് വാഹന പാർക്കിംഗിന് അനുവദിക്കുക. പ്രകൃതി സൗഹൃദ ബീച്ചുകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. ഇവിടെ വാഹന പാർക്കിംഗിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും മുച്ചക്ര , നാലുചക്ര വാഹനങ്ങൾക്ക് 30 രൂപയും ബസ് ,ഹെവി വാഹനങ്ങൾക്ക് 50 രൂപയും മണിക്കൂറിന് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവേശനം മാത്രം അനുവദിക്കുന്ന സ്റ്റാൻഡേർഡ് ടിക്കറ്റിന് തദ്ദേശവാസികളിൽ നിന്നും 10 രൂപയും മറ്റുള്ളവരിൽ മുതിർന്നവരിൽ നിന്നും 50 രൂപയും കുട്ടികളിൽ നിന്ന് 25 രൂപയും ഈടാക്കും. കടലിൽ കുളിക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുന്ന പ്രീമിയം ടിക്കറ്റിന് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാരിൽ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് നിരക്കെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.