
രംഗം ഒന്ന്
രാത്രി, നേരിയ വൃശ്ചികത്തണുപ്പിൽ മയിലാടയണിഞ്ഞ കലാകാരന്മാരെ കരക്കാർ ചാട്ടിലേറ്റി കൊണ്ടു വരുന്നു. തീവെട്ടി വെളിച്ചത്തിൽ നിലത്ത് അസുരവാദ്യങ്ങൾക്കും വായ്ത്താരികൾക്കും മദ്ധ്യേ കാൽത്തള കിലുക്കി ആനന്ദനൃത്തമാടിയപ്പോൾ സദസ്യർ കൈത്താളവും ഹർഷാരവങ്ങളുമായി അവർക്ക് പിന്തുണയേകി, മേളം മുറുകിയതോടെ കാണികൾ നൃത്തത്തിൽ ലയിച്ചു. നൃത്തം സദസിലേക്ക് പടർന്നിറങ്ങിയതോടെ അവരും ക്രമേണ അരങ്ങിന്റെ ഭാഗമായി. (ഇത് പഴയകാല കാഴ്ച)
രംഗം രണ്ട്
പൊരിവെയിലത്ത് ടാർ റോഡിൽ ജീവിക്കാൻ വേണ്ടി വിയർത്തൊലിച്ചു നൃത്തമാടാൻ പാടുപെടുന്ന കലാകാരന്മാർ (പുതിയ കാലത്തെ നേർക്കാഴ്ച).
പറഞ്ഞു വരുന്നത് അർജുന നൃത്തം എന്ന പരമ്പരാഗത കലാരൂപത്തെ കുറിച്ചാണ്. കാളീദേവിയുടെ മുന്നിൽ അർജുനൻ നടത്തിയ ആനന്ദനടനം. കേരളത്തിലെ ഒരേയൊരു അർജുനനാണ് അർജുന നൃത്താചാര്യനായിരുന്ന കുറിച്ചി പി.എസ്.കുമാരന്റെ മകൻ നടേശൻ. ദേവീ ക്ഷേത്രങ്ങളിൽ 'തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ട് അവതരിപ്പിച്ചിരുന്ന ഈ കലാരൂപം മഹാഭാരതം കഥയുമായി ബന്ധപ്പെട്ട താണ്, കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളോളം തന്നെ പഴക്കമുണ്ട്. ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്നതായിരുന്നു പണ്ട് അർജുന നൃത്തം. കഥകളിയിലെപ്പോലെ ചുട്ടിയും മിനുക്കും മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. മുഖത്ത് പച്ചതേച്ച് പ്രത്യേകതരം കിരീടം വച്ച്, ചുവന്ന കുപ്പായവും കടകം തുടങ്ങിയ ആഭരണങ്ങളും അണിയുന്നു. കാലിൽ കച്ചമണി കെട്ടും. കഥകളിയുടെ ഉടുത്തുകെട്ടിന്റെ സ്ഥാനത്ത് മയിൽപ്പീലി ഉടുത്തു കെട്ടുന്നു. ഇങ്ങനെയാണ് മയിൽപ്പീലി നൃത്തം എന്ന പേർ വന്നത്.

അർജുനനൃത്തത്തിന്റെ ഏക ആശാനായിരുന്നു കുറിച്ചി പി.എസ്.കുമാരൻ. മറ്റേത് നാടോടി കലയും പോലെ സ്വന്തമായ താളങ്ങളും താളഭേദങ്ങളും ഉൾച്ചേർന്ന് അശാസ്ത്രീയതയ്ക്കുള്ളിലെ ശാസ്ത്രീയത അർജ്ജുന നൃത്തത്തിന്റെ പ്രത്യേകതയാണ്. നൂറ്റി എൺപതോളം താളങ്ങളും അവയുടെ പ്രയോഗരീതിയും കുറിച്ചി കുമാരനാശാൻ സ്വായത്തമാക്കിയിരുന്നു. പതിമൂന്നാം വയസിൽ അമ്പലപ്പുഴ കുന്നങ്കരി ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയ കുമാരൻ ആശാൻ മരണം വരെ തപസ്യയായി ഈ കലാരൂപം കൊണ്ടു നടന്നു. അവസാനം ഒന്നും സമ്പാദിക്കാതെ യാത്രയായി. വീടിനോട് ചേർന്ന് സ്വന്തമായി തയ്യാറാക്കിയ കളരിയിൽ സൗജന്യമായി അർജുനനൃത്തം അഭ്യസിപ്പിച്ചിരുന്നു. ഭാരതി ശിവജി, കനക് റെലേ തുടങ്ങിയ പ്രശസ്ത നർത്തകിമാർ അർജുനനൃത്തത്തിലെ വൈവിദ്ധ്യമാർന്ന ചുവടുകൾ പഠിക്കാൻ ആശാനെ തേടിയെത്തിയിരുന്നു. നൂറിലേറെ താളവൈവിദ്ധ്യം മനസിലാക്കാൻ കാവാലം നാരായണപ്പണിക്കരും എത്തിയിരുന്നു.
കാൽനൂറ്റാണ്ട് മുൻപുവരെ തെക്കൻ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും ഭക്തരുടെ വഴിപാടായി ഈ അനുഷ്ഠാനകല അരങ്ങേറിയിരുന്നു. നൃത്തത്തിനുവേണ്ട ചമയങ്ങളെല്ലാം പണ്ട് പ്രകൃതിയിൽനിന്നായിരുന്നു കണ്ടെത്തിയിരുന്നത്. വിളക്കിൽ പരുത്തിത്തുണി അരിച്ചെടുത്ത കണ്മഷി, ചുണ്ടിലും നെറ്റിയിലും അണിയാൻ ചെങ്കൽപ്പൊടി. നീലയമരിയും മനയോലയും ചേർത്തരച്ച് മുഖമെഴുതി കാതോടയും കൈവളയും കൊല്ലാരവും കഴുത്താരവും മയിലാടയും അണിഞ്ഞ് രഥത്തിൽ നിന്നിറങ്ങുന്ന അർജുനനെ ജനം ഭയഭക്തിയോടെ വണങ്ങിയിരുന്ന ഒരു പുഷ്കലകാലമുണ്ടായിരുന്നു ഈ പ്രാചീന കലാരൂപത്തിന്.
ഇപ്പോൾ കോട്ടയം ജില്ലയിലെ ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലും ആലപ്പുഴ കുന്നങ്കേരി ക്ഷേത്രത്തിലും മാത്രമാണ് ആരാധനയുടെ ഭാഗമായി അർജുനനൃത്തം അരങ്ങേറിവരുന്നത്. അർജുനൻ നൃത്തം ചെയ്യുമ്പോൾ രണ്ടുപാട്ടുകാർ വായ്ത്താരി ചൊല്ലും. ചെണ്ടയും വീക്ക് ചെണ്ടയും ഇലത്താളവും അകമ്പടി സേവിക്കും. മുൻകാലങ്ങളിൽ മദ്ദളവും ഒപ്പമുണ്ടായിരുന്നു. സോപാനസംഗീതത്തിനും നാടൻപാട്ടുകൾക്കും ഇടയിലുള്ള ശാസ്ത്രീയബന്ധിതമല്ലാത്ത ഈ ആലാപനരീതി അർജുനനൃത്തത്തിന്റെ മാത്രം സവിശേഷതയാണ്. നിരവധി പ്രാചീന കലാരൂപങ്ങൾക്കൊപ്പം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് അടിമുടി താളപ്രധാനമായ ഈ നൃത്തരൂപം.

അർജുനനൃത്തം കുറിച്ചി പാലമൂട്ടിൽ നടേശന് പരമ്പരാഗതമായി സിദ്ധിച്ച വരദാനമാണ്. മയിൽപ്പീലിത്തൂക്കത്തിന്റെ ആടയാഭരണങ്ങൾ അണിഞ്ഞ് അച്ഛൻ കുറിച്ചി പി.എസ്. കുമാരന്റെ അനുഗ്രഹത്തോടെ ആദ്യവേദിയിലെത്തുന്നത് പത്ത് വയസിലാണ്. എങ്ങനെയാണ് ഈ കലയിൽ ആകൃഷ്ടനായതെന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയാണ്. ' അച്ഛനും അപ്പൂപ്പനുമൊക്കെ അറിയപ്പെടുന്ന അർജുനനൃത്തം കലാകാരന്മാരായിരുന്നു. അങ്ങനെ കുലത്തൊഴിൽ കൂടിയായ കലയെ അറിവില്ലാപ്രായം മുതൽ നിലനിർത്താൻ ബാദ്ധ്യസ്ഥനായി. അർജുനനൃത്തം തികച്ചും വേറിട്ട ഒരു കലാരൂപമാണ്. അതിന്റെ നല്ല കാലം കഴിഞ്ഞുപോയി. പരിപാടികൾ നന്നേ കുറഞ്ഞിരിക്കുന്നു. ഉത്സവപ്പറമ്പുകളും ടൂറിസം വാരാഘോഷവും അത്തച്ചമയവുമൊക്കെയായിരുന്നു ജീവിതം നിലനിറുത്തി പോന്നത്. കൊവിഡ് കാരണം ഒന്നുമില്ലാതായി. ആറുമാസത്തിലേറെയായി മുഖത്ത് ചായം തേച്ചിട്ട്. ഇത്തരം അപൂർവങ്ങളായ അനുഷ്ഠാനകലകളെ നിലനിർത്താനും പരിപോഷിപ്പിക്കാനും ഉന്നതതല ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ചരിത്രത്തിൽ മാത്രമാവും ഇനി അർജുന നൃത്തത്തിന്റെ സ്ഥാനം. സർക്കാരിന്റെ സാംസ്കാരിക പരിപാടികളിലൊക്കെ ക്ഷണം കിട്ടുന്നത് കൂടുതലും പൊരിവെയിലിൽ വേഷം കെട്ടി ഫ്ലോട്ടുകൾക്കൊപ്പം നടക്കാനാണ്. മഹത്തായ ഒരു കലാരൂപത്തെ അവഹേളിക്കലാണ് എന്നുതോന്നിയിട്ടുണ്ട്. എന്നാലും പോകും. ഇങ്ങനെ ഒരു അനുഷ്ഠാനകാല ഇനിയും ഉയിരോടെയുണ്ട് എന്ന് നാലാൾ അറിയട്ടെ. പിന്നെ റേഷനെങ്കിലും വാങ്ങണ്ടേ?
കൊവിഡിൽ പരിപാടികൾ ഇല്ലാതെ വന്നപ്പോൾ ഫോക് ലോർ അക്കാഡമി ചെറിയ സാമ്പത്തിക സഹായം നൽകി. അവശകലാകാര പെൻഷൻ കിട്ടുന്നവർക്ക് അതുമില്ല. അവശ പെൻഷൻ 1500 രൂപ കിട്ടുമ്പോൾ സാംസ്കാരിക വകുപ്പ് ക്ഷേമനിധി പെൻഷൻ 3500 രൂപയാണ്. അവശപെൻഷൻ വേണ്ട പകരം ക്ഷേമനിധി പെൻഷൻ മതിയെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ മുഖം തിരിച്ചു നിൽക്കുകയാണ്. ആ തുക മരുന്നു വാങ്ങാൻ പോലും തികയില്ല. - വേദനയോടെ നടേശൻ പറയുന്നു. ഭാര്യ സീമയും പ്ലസ് ടു വിദ്യാർത്ഥിയായ മകൻ അഭിലാഷും അടങ്ങുന്നതാണ് നടേശന്റെ കുടുംബം. ഇദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സീനിയർ ആർട്ടിസ്റ്റിനുള്ള ഫെലോഷിപ്പ്, കേരള സാഹിത്യ നാടക അക്കാഡമിയുടെയും ഫോക്ലോർ അക്കാഡമിയുടെയും അവാർഡുകൾ, പിന്നെ പ്രാദേശിക അവാർഡുകൾ വേറെയും. ജീവിത പ്രാരബ്ധങ്ങളുടെ കറുത്ത നിഴൽപാടുകൾ പേറുമ്പോഴും അർജുന നൃത്തത്തെ ഉപേക്ഷിക്കാൻ ഈ കലാകാരൻ ഒരുക്കമല്ല. അവസാനശ്വാസം വരെയും കലാകാരനായി ജീവിക്കാൻ തന്നെയാണ് നടേശന്റെ തീരുമാനം.