
കോട്ടയം : സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ ഊന്നൽ നൽകിയെന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷത. പതിനായിരക്കണക്കിന് സ്ത്രീകൾ മിഷൻ പ്രവർത്തനങ്ങളിലൂടെ ടൂറിസം മേഖലയിൽ നിന്ന് നല്ല വരുമാനം നേടുന്നു. കോട്ടയത്ത് ആകെയുള്ള 3000 യൂണിറ്റുകളിൽ 2418 യൂണിറ്റുകൾ സ്ത്രീകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ളതാണ്. കമ്യൂണിറ്റി ടൂർ ലീഡർമാർ, റിസോഴ്സ് പേഴ്സന്മാർ, പരിശീലകർ എന്നിവരിൽ ഏറെയും സ്ത്രീകളാണ്. കെ.ടി.എം ഫൗണ്ടേഷനുമായി ചേർന്ന് ക്ലീൻ കേരള ഇനീഷ്യെറ്റീവ് പദ്ധതിയും നടപ്പിലാക്കി. ടൂറിസം സംരംഭകർ, തദ്ദേശസ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളുടെ സഹകരണത്തോടെ ടൂറിസം കേന്ദ്രങ്ങളെ ഗ്രീൻ സർട്ടിഫൈഡാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ വേമ്പനാട് കായലിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്യാൻ ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം സംരഭകരും നടത്തിയ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക് ബാഗുകളും സ്ട്രോകളും ഒഴിവാക്കാനും പ്ലാസ്റ്റിക്ക് കുപ്പികൾക്ക് പകരം ഗ്ലാസ് ബോട്ടിലുകൾ പ്രചരിപ്പിക്കാനും നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. ശാസ്ത്രീയ മാലിന്യ സംസ്കരണമാണ് അടുത്തത്.
എക്സ്പീരിയൻസ് എത്‌നിക് / ലോക്കൽ ക്യുസിൻ
കേരളത്തിന്റെ തനതു വിഭവങ്ങൾ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പു വരുത്തുന്നതിനുമായി ഉത്തരവാദിത്തമിഷൻ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിയാണിത്. സംസ്ഥാനത്ത് 2012 അപേക്ഷകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ടോയ്ലെറ്റ് സൗകര്യം, പ്ലാസ്റ്റികരഹിത പാത്രത്തിൽ ശുദ്ധമായ കുടിവെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പു വരുത്തണം. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയായി.