pakalveedu

ചങ്ങനാശേരി: മക്കളും മരുമക്കളും കൊച്ചുമക്കളും ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തുന്നതുവരെ വിധിയെ പഴിച്ച് ഇനി വീട്ടിൽ ചുരുണ്ടുകൂടേണ്ട. കളിയും ചിരിയും തമാശയുമായി സമപ്രായക്കാർക്ക് ഒപ്പം പകൽവീടെന്ന വയോജന സൗഹൃദകേന്ദ്രത്തിൽ പകൽ മുഴുവൻ അടിച്ചുപൊളിക്കാം. ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കും മുതിർന്ന പൗരൻമാർക്കും തണലായി തൃക്കൊടിത്താനത്ത് നിർമ്മിച്ച പകൽവീട് ഇന്നലെ വയോധികർക്കായി തുറന്നുകൊടുത്തു. തൃക്കൊടിത്താനം പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് സംരംഭം തുടങ്ങിയത്. ഒറ്റപ്പെട്ട് ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക് പകൽ സമയങ്ങളിൽ ഒരുമിച്ചിരിക്കാനും വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും ഒരിടം എന്ന നിലയിലും ആരോഗ്യമാനസികാരോഗ്യ പരിപാലന കേന്ദ്രമായും ആണ് പകൽവീട് ഒരുക്കിയിരിക്കുന്നത്. തൃക്കൊടിത്താനം ചക്രായത്തിക്കുന്നിൽ നിർമ്മാണം പൂർത്തിയായ പകൽവീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി.കെ സുനിൽ കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിച്ചു.

കളിയും ചിരിയും
മാനസിക ഉല്ലാസത്തിനായി ചെസ് ബോർഡ്, വിനോദോപാധിയായി ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഉച്ചഭക്ഷണവും നൽകും. പരിപാലനത്തിനായി മെഡിക്കൽ സേവനവും ലഭ്യമാക്കും. 60 വയസ്സിനു മുകളിൽ പ്രായമുള്ള നിരാംലംബരായവർക്കാണ് പകൽവീട് ആശ്രയമാകുന്നത്. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പകൽവീടിന്റെ പ്രവർത്തനസമയം നിശ്ചയിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. വിനോദങ്ങൾക്കുള്ള മുറി, വായനശാല, വിശ്രമ മുറി, പാചകശാല, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.
വാർധക്യം വീടുകളിലെ തടവറയിലൊതുക്കാതെ മുതിർന്ന പൗരന്മാരുടെ മാനസിക ശാരീരിക ആരോഗ്യവും ഉല്ലാസവും നിലനിർത്തി ഇവരുടെ സേവനം നാടിന്റെ പുരോഗമാനത്മക പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കും വിധം മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരികയാണ് പകൽവീട് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.