hariesh

പാലാ: കൊച്ചുകുട്ടികൾക്കായി എഴുതിയ കുട്ടിക്കഥകൾ, സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികളിലെത്തിക്കുന്നു. വെറുമൊരു കൗതുകത്തിനു തുടങ്ങിയത് 133 എണ്ണം പിന്നിട്ട സന്തോഷത്തിലാണ് ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ്. ആർ .നമ്പൂതിരിപ്പാട്. ലോക്ക്‌‌ഡൗൺ കാലത്ത് മാർച്ച് 31ന് ആണ് ഹരീഷ് ഇതു തുടങ്ങിയത്.

ആദ്യം 70 ദിവസം തുടർച്ചയായി കഥകൾ അവതരിപ്പിച്ചു. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലാണ് കഥകൾ പറഞ്ഞത്. ലോക്ക്ഡൗൺ കാലവിനോദമായി ആരംഭിച്ച "കഥ പറയാം കേൾക്കൂ " എന്ന പംക്തി കാത്തുകാത്തിരിക്കുന്ന നിരവധി കുട്ടികളുണ്ട് ഇപ്പോൾ.

സ്മാർട്ട് ഫോണുകളുടെ കാലത്തും ആനയും അണ്ണാറക്കണ്ണനും ,മാനും മുയലും മയിലും മനുഷ്യനും ,കാക്കയും കുയിലും എല്ലാം കഥാപാത്രങ്ങളായി വരുന്നു. ഗുണപാഠങ്ങൾ നിറഞ്ഞ കഥകളാണെല്ലാം. നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിരിയും ചിന്തയും ഉണർത്തുന്ന ഈ കഥകൾ പലകാലങ്ങളിലായി എഴുതിയതാണ്.

കാക്കൂർ ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റ് കൂടിയായ ഹരീഷ് ഏതാണ്ട് 30 വർഷത്തോളമായി ബാലസാഹിത്യ രചനയിൽ സജീവമാണ്. മൂവാറ്റുപുഴ താലൂക്ക് പുസ്തകാസ്വാദനക്കുറിപ്പ് രചനാ മത്സരത്തിൽ പുരസ്കാരംനേടിയതിന്റെ ആവേശത്തിൽ കൂടുതൽ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ കഥകളെഴുതാനും , സമയം കണ്ടെത്തുകയാണ് നമ്പൂതിരിപ്പാട് . രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ ഈ ബാലസാഹിത്യകാരൻ പുരാണം, വൈജ്ഞാനികം, നർമ്മം, മുതലായ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നാൽപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.മാതാപിതാക്കളായ രാമൻ നമ്പൂതിരിപ്പാടും നളിനി അന്തർജ്ജനവും ഭാര്യ സൗമ്യയും മകൻ അഭിനവും പൂർണമായ പിന്തുണ നൽകുന്നു. ഇടയ്ക്ക് ചില കഥകൾ വീഡിയോ രൂപത്തിലും എടുക്കാറുണ്ട്. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കവിതകൾ എഴുതി മറ്റുള്ളവരെ കൊണ്ട് ചൊല്ലിച്ച് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.