
കോട്ടയം: ആശുപത്രിയിൽ രോഗിയെയും കൊണ്ടുപോകണോ?, കൂട്ടുകാരുമൊത്ത് ചെറു ടൂറടിക്കണോ? കുട്ടനാട്ടുകാർക്ക് എന്താവശ്യം ഉണ്ടായാലും വിളിപ്പുറത്ത് നിമിഷങ്ങൾക്കുള്ളിൽ ഓടിയെത്തും ജലടാക്സി. 15ന് ജലടാക്സി ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും. ഇതോടെ പൂവണിയുക കുട്ടനാട്ടുകാരുടെ ചിരകാല സ്വപ്നമാണ്.
ഓൺലൈൻ ടാക്സി
മാതൃകയിൽ ഓട്ടം
ഇന്ത്യയിൽ ആദ്യമായെത്തുന്ന ജലടാക്സി കുട്ടനാട്ടിലാണ്. എറണാകുളം, കോട്ടയം, വൈക്കം, കുട്ടനാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കാനായി നാലു ബോട്ടുകൾകൂടി ഡിസംബറിൽ നീറ്റിലിറക്കും. ഇതോടെ സർവീസ് ബോട്ടുകളെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് ആശ്വാസമാകും. യാത്രാബോട്ടുകളെ അപേക്ഷിച്ച് വേഗം ലക്ഷ്യസ്ഥാനത്ത് എത്താമെന്ന സൗകര്യം ജലടാക്‌സികൾക്കുണ്ട്. കോട്ടയത്തുനിന്നും ആലപ്പുഴയിൽ എത്തണമെങ്കിൽ ഇപ്പോൾ രണ്ടു മണിക്കൂർ സമയമെടുക്കും. എന്നാൽ ജലടാക്സിക്ക് 45 മിനിറ്റുകൾകൊണ്ട് ഓടിയെത്താൻ സാധിക്കുമെന്നത് പ്രത്യേകതയാണ്. കൂടാതെ സൗകര്യങ്ങളും ഏറെയുണ്ട്. ഓൺലൈൻ ടാക്സികളുടെ മാതൃകയിലായിരിക്കും ഇവ പ്രവർത്തിക്കുക. ടാക്സി വിളിക്കാൻ ജലഗതാഗത വകുപ്പ് ഒരു ടെലിഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തും. അതിൽ വിളിച്ചാൽ യാത്രക്കാർ ആവശ്യപ്പെടുന്ന കായലോരത്ത് ടാക്സി പറന്നെത്തും. ഡ്രൈവർ കം സ്രാങ്ക്, ലാസ്കർ തുടങ്ങി മൂന്ന് ജീവനക്കാരാവും ഒരു ഓട്ടോടാക്സിൽ ഉണ്ടാവുക. കുസാറ്റാണ് ബോട്ടിന് രൂപകല്പന നടത്തിയിരിട്ടുള്ളത്. സ്വീഡനിൽ നിന്ന് എത്തിച്ച എഞ്ചിനാണ് ജലടാക്സിയിൽ ഉപയോഗിച്ചിട്ടുള്ളത്. ഡിസംബറിൽ നീറ്റിലിറക്കാൻ ശ്രമിക്കുന്ന ജലടാക്സിയുടെ പണികൾ അരൂരിലെ ഷിപ്പ് യാർഡിൽ പുരോഗമിക്കുകയാണ്.
മണിക്കൂറിനായിരിക്കും ജലടാക്സിക്ക് ചാർജ്ജ് ഈടാക്കുക. എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. സർക്കാർ അംഗീകാരത്തോടെയാവും നിരക്ക് നിശ്ചയിക്കുക.
ഷാജി വി.നായർ,
ജലഗതാഗത വകുപ്പ് ഡയറക്ടർ