
കോട്ടയം : കൊവിഡിന്റെ വരവിന് ശേഷം മറ്റ് രോഗങ്ങൾക്കായി ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ കുറവ്. സ്വകാര്യ ആശുപത്രികളിൽ മാത്രമല്ല, മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലും ഒ.പിയിൽ തിരക്ക് നന്നേ കുറവാണ്.
മഴക്കാലത്ത് രോഗികൾ നിറഞ്ഞ് കാലു കുത്താൻ പോലും ഇടമില്ലാതിരുന്ന ആശുപത്രികളിൽ പോലും ഇപ്പോൾ കട്ടിലുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൊവിഡിന് മുൻപ് ശരാശരി ഒരു ദിവസം രണ്ടായിരത്തിലേറെ പേരാണ് ജില്ലാ ആശുപത്രി ഒ.പിയിൽ ചികിത്സ തേടിയിരുന്നത്. ഇപ്പോൾ അത് അഞ്ഞൂറിൽ താഴെയായി. താലൂക്ക് ആശുപത്രികളിലും ഇതു തന്നെയാണ് സ്ഥിതി. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും ആളുകളുടെ എണ്ണം കുറഞ്ഞു. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മുൻപുണ്ടായിരുന്നതിനേക്കാൾ 30% കുറഞ്ഞു.
ശീലങ്ങൾ മാറ്റിയപ്പോൾ
''പകർച്ചപ്പനികൾ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. കൊവിവിഡ് മുൻകരുതലിന്റെ ഭാഗമായി ആളുകൾ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് രോഗങ്ങൾ കുറയാനുള്ള പ്രധാന കാരണം
ആരോഗ്യവകുപ്പ് അധികൃതർ
രോഗികൾ കുറയാൻ കാരണം
ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ പോകുന്നത് ആളുകൾ നിറുത്തി
ഫാസ്റ്റ് ഫുഡ് ഒഴിവാക്കി ആളുകൾ കൂടുതലും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി
കുടിവെള്ളം കൈയ്യിൽ കരുതുന്നതിനാൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കുറഞ്ഞു
കൊവിഡിന്റെ ഭാഗമായി ആളുകളിൽ വ്യക്തി ശുചിത്വം വർദ്ധിച്ചു
അതൊക്കെ പഴങ്കഥ
നിസാര അസുഖങ്ങൾക്ക് പോലും ആശുപത്രിയിൽ ചികിത്സ തേടുന്ന ശീലം ആളുകൾക്കുണ്ടായിരുന്നു. കൊവിഡിന് ശേഷം അതില്ലാതായി. അസുഖമുള്ളവർ കൊവിഡിനെ പേടിച്ച് ആശുപത്രിയിലേയ്ക്ക് പോകാതിരിക്കരുതെന്നും ടെലി മെഡിസിൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.