road-broken

അടിമാലി: വൈദ്യുതി വകുപ്പിന് റോഡിന്റെ അറ്റകുറ്റപ്പണിയിൽ എന്തേ കാര്യം?... കാര്യമുണ്ട്.... ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഒരു റോഡ് ഏറ്റെടുത്താൽ അത് നന്നാക്കി കൊടുക്കാനും ഉത്തരവാദിത്വമുണ്ട്. പത്താംമൈൽ ദേവിയാർ കോളനി റോഡാണ് വൈദ്യുതി വകുപ്പിന് പേരുദോഷം വരുത്തുന്നത്. പത്താംമൈൽ ടൗണിൽ നിന്നും ദേവിയാർ കോളനിയിലേക്കുള്ള ഒന്നരകിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി തകർന്ന് കിടക്കുന്നത്.ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും വെക്കോഷണൽ ഹയർസെക്കന്ററി സ്‌കൂളിലേക്കുമുള്ള പാത കൂടിയാണിത്.തൊട്ടിയാർ ജലവൈദ്യുതി പദ്ധതി നിർമ്മാണത്തോടെ ഈ റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു. ആദ്യം റോഡിനോട് കാണിച്ച ആവേശമൊന്നും പിന്നീട് അധികൃതരിൽനിന്നും ഉണ്ടായില്ല. റോഡിന്റെ ഉടമസ്ഥാവകാശം വൈദ്യുത വകുപ്പിനായതിനാൽ പൊതുമരാമത്ത് വിഭാഗത്തിന്റെയോ പഞ്ചായത്തിന്റെയോ സേവനം ലഭ്യമാകാതെയുമായി. നാളുകളായി തകർന്ന് കിടക്കുന്ന പാത ഗതാഗതയോഗ്യമാക്കാൻ ഇടക്കിടെ തങ്ങൾ നടത്തുന്ന ശ്രമദാനമൊഴിച്ചാൽ മറ്റ് നിർമ്മാണ ജോലികൾ ഒന്നും സമീപകാലത്ത് നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

തകർന്ന് കിടക്കുന്ന ഒന്നര കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ നാട്ടുകാർ ഏറെ കഷ്ടതയാണ് അനുഭവിക്കുന്നത്. ദേശിയപാതയിൽ നിന്നും റോഡിന്റെ ആരംഭത്തിലുള്ള പാലത്തിൽ നിറയെ കുഴികൾ രൂപം കൊണ്ടു കഴിഞ്ഞു.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുമുണ്ട്.ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.