വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ധീവരസഭ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തെ ഓഫീസിനു മുന്നിൽ ധീവരസഭ നേതാക്കൾ സമരം നടത്തി. കൊവിഡും പ്രകൃതിക്ഷോഭവും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, അനുബന്ധ തൊഴിലാളികൾക്ക് സമാശ്വാസം നൽകുക, പൊതുജലാശയങ്ങളിൽ മത്സ്യം വളർത്താനുള്ള നീക്കം ഉപേക്ഷിക്കുക, തീരദേശ ഭൂപടം തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുക, തീര പരിപാലന നിയമങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഇളവ് നൽകുക, ജോസഫ് കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചാണ് സമരം നടത്തിയത്. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. രാജു, ഭൈമി വിജയൻ, കെ. കെ. അശോക് കുമാർ, കെ. എസ്. കുമാരൻ, കെ. സുഗുണൻ, സുലഭ പ്രദീപ്, സൗമ്യ ഷിബു, എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.