വൈക്കം: ഇനി തകരാൻ ബാക്കിയില്ല. റോഡിലൂടെ രണ്ടടി മുന്നോട്ടുപോകണമെങ്കിൽ നീന്തണം. വാഹനത്തിൽ പോകാമെന്ന് വെച്ചാൽ കുഴിയിൽ വീഴും. മഴയിൽ ടോൾ- ചെമ്മനാകരി റോഡ് തോടിന്റെ രൂപത്തിലായി. നാലര കിലോമീറ്റർ ദൂരം റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെയും ഏതാണ്ട് കുഴികൾ നിറഞ്ഞ അവസ്ഥയാണ്.
ചെളിവെള്ളം കെട്ടിനിൽക്കുന്ന റോഡിലൂടെ തങ്ങൾ എങ്ങനെ യാത്ര ചെയ്യുമെന്ന് നാട്ടുകാരും ചോദിക്കുന്നു. മറവൻതുരുത്ത് പഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാർഡുകളിൽപ്പെട്ട ജനങ്ങളാണ് റോഡിന്റെ തകർച്ചയിൽ കഷ്ടപ്പെടുന്നത്. റോഡ് പുനർനിർമ്മിക്കാൻ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. അടിയന്തിര ചികിത്സയ്ക്ക് കൊണ്ടുവരുന്ന രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ആലപ്പുഴ ജില്ലയുമായി ബന്ധിപ്പിക്കുന്ന മണപ്പുറം ജങ്കാർ സർവീസ് വഴി കടത്തിറങ്ങാൻ വരുന്ന വാഹനയാത്രക്കാരും കടന്നുപോകാൻ പെടാപെടുകയാണ്.
പ്രഖ്യാപിച്ചു, പക്ഷേ...
റോഡിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരവുമായി രംഗത്തുവന്നിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പത്ത് മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പുനർനിർമ്മാണം ആവശ്യപ്പെട്ട് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി തോമസ്, ജഗദ അപ്പുക്കുട്ടൻ, ബാബു പുവനേഴത്ത്, മോഹൻ കെ. തോട്ടുപുറം, എം.കെ. ഷിബു, കെ.സജീവൻ,പോൾ തോമസ്,വി.ആർ. അനിരുദ്ധൻ,അശോകൻ കൂമ്പേൽ,സി.വി.ഡങ്കേ,ജിജിമോൻ,രമേശൻ തേവടി എന്നിവർ പ്രസംഗിച്ചു.