water-test

കോട്ടയം : ശുദ്ധജലലഭ്യത ഉറപ്പാക്കാനും ജലമലിനീകരണം കുറയ്ക്കാനും ജില്ലയിൽ ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷൻ 26 ലാബുകൾ സജ്ജമാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ലാബുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഇതിനായി എം.എൽ.എ.മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
എം.എൽഎമാരായ അഡ്വ.കെ.സുരേഷ് കുറുപ്പ്, ഉമ്മൻചാണ്ടി, മാണി.സി.കാപ്പൻ, മോൻസ് ജോസഫ്, ഡോ.എൻ.ജയരാജ് , സി.കെ.ആശ തുടങ്ങിയവർക്ക് ലാബ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകി . സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ചാണ് പരിശോധന ലാബുകൾ സ്ഥാപിക്കുക. സ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഇതിനായി പ്രത്യേകം പരിശീലനം നൽകും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയാണ് ലാബിന്റെ പ്രവർത്തനം.

ലക്ഷ്യങ്ങൾ
കുടിവെള്ള സ്രോതസുകളിലെയും പ്രധാന ജലസ്രോതസുകളിലെയും ജലം പരിശോധിച്ച് നിലവാരം ഉറപ്പാക്കുക
ജലജന്യരോഗങ്ങൾ നിയന്ത്രിക്കുക. ചികിത്സാ ചെലവ് കുറച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക
കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ജല ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനമൊരുക്കുക
പദ്ധതിയിലൂടെ കുട്ടികളിലെ നിരീക്ഷണ പാടവം ഉയർത്തുക
കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക


സാമ്പിൾ എടുക്കേണ്ട വിധം

വീട്ടിലെ കിണറ്റിൽ നിന്ന് നേരിട്ട് എടുക്കുന്ന ജലം അണുവിമുക്തമായ ബോട്ടിലുകളിൽ ശേഖരിക്കും. (ടാപ്പ് വഴി ശേഖരിക്കുന്ന ജലം പറ്റില്ല) കുട്ടികൾ ലാബിൽ എത്തിക്കുന്ന വെള്ളത്തിന്റെ സാമ്പിളിന് നമ്പറും ഡേറ്റ് നൽകി എന്റർ ചെയ്യും.

പരിശോധന രീതി

അണുവിമുക്തമായ ബോട്ടിലിൽ ശേഖരിച്ച ജലം H2s സ്ട്രിപ്പ് ബോട്ടിലിൽ ചേർത്ത് 18 മുതൽ 24 മണിക്കൂർ വരെ സൂക്ഷിക്കും. കറുത്തനിറം ദൃശ്യമായാൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം മനസിലാക്കാം