പാലാ : എല്ലാം ഒരു തമാശ! ഓട്ടൻതുള്ളലിന്റെ കിരീടം ആദ്യമായി നിർമ്മിച്ചപ്പോൾ പയപ്പാർ സ്വദേശിയും പാലായിലെ ഒരു സഹകരണ മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റുമായ സി.ഡി. നാരായണന്റെ ഭാവം ഇതായിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. നാരായണൻ ഇപ്പോൾ കിരീട നിർമ്മാണത്തിൽ തിരക്കോട്തിരക്ക്. ലക്ഷണമൊത്ത കിരീടം ആദ്യമായി നാരായണൻ നിർമ്മിച്ചത് പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ പാലാ കെ.ആർ. മണിയുടെ ഉപദേശ നിർദ്ദേശങ്ങളോടെയാണ്. ആദ്യകിരീടം തന്നെ ജോറായെന്ന് മണി അഭിപ്രായപ്പെട്ടതോടെ മറ്റ് തുള്ളൽ കലാകാരൻമാരും കിരീടത്തിനായി നാരായണനെ തേടിയെത്തി തുടങ്ങി.

ഈ ലോക്ഡൗൺ കാലത്ത് മൂന്ന് മാസം മുമ്പാണ് നാരായണൻ ആദ്യ കിരീടം നിർമ്മിച്ചത്. ഇപ്പോൾ 7 കിരീടങ്ങൾക്ക് ഓർഡർ ആയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. തുള്ളലുമായി പഴയൊരു ബന്ധവും നാരായണനുണ്ട്. ഇളയമകൾ ശ്രീജയ സ്‌കൂൾ കലോത്സവങ്ങളിൽ ഓട്ടൻതുള്ളലിൽ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

കഴിഞ്ഞവർഷം നാരായണൻ സ്വന്തമായി എഴുതി പരിശീലിച്ച ഓട്ടൻതുള്ളൽ പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തിൽ അവതരിപ്പിച്ചിരുന്നു. പണ്ട് സ്‌കൂൾ കലോത്സങ്ങളിൽ മകളുടെ തുള്ളലിന് പാട്ട് പാടിയിരുന്നതും ഇദ്ദേഹമാണ്. ഇക്കാര്യത്തിലും മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല.

പയപ്പാർ ചെറുവള്ളിൽ ഇല്ലം കുടുംബാംഗമാണ് നാരായണൻ. ഭാര്യ രാജമ്മയും കോട്ടയത്ത് സ്‌കൂൾ അദ്ധ്യാപികയായ മൂത്തമകൾ കലയും ഗൾഫിൽ നഴ്‌സായ ഇളയമകൾ ശ്രീജയയും നാരായണന്റെ കലാപ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു.

നേരത്തെ പഠിച്ചിട്ടില്ലെങ്കിലും ചിത്രകലയിലും കഥകളി പ്രതിമകൾ നിർമ്മിക്കുന്നതിലും വിദഗ്ദ്ധനാണ് ഈ 68കാരൻ.