
മണർകാട്: മണർകാട്ടെ റോഡുകൾ മഴപെയ്താൽ ചെളിക്കുളവും വെയിലായാൽ പൊടിയും എന്നതാണ് അവസ്ഥ. രണ്ടായാലും മണർകാടുകാർക്കും യാത്രക്കാർക്കും ദുരിതം ഒരുപോലെയാണ്. പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പഴയ കെ.കെ റോഡിലൂടെയുള്ള ബൈപ്പാസ് റോഡിലൂടെ പ്രവേശിച്ചാണ് കടന്നുപോകുന്നത്. മുൻവർഷങ്ങളിൽ ഇവിടുത്തെ ടാറിംഗ് മഴക്കാലത്ത് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്തിന്റെയും പി.ഡബ്ലി.യു.ഡിയുടെയും നേതൃത്വത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ഇന്റർ ലോക്ക് പാകിയിരുന്നു. ബാക്കി ഭാഗം ടാറിംഗും നടത്തി. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഇന്റർ ലോക്കും ടാറിംഗും തകർന്നു തരിപ്പണമായ നിലയിലാണ്. ബൈപ്പാസ് റോഡ് പ്രവേശിക്കുന്ന ഭാഗത്തു നിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗം ടാറിംഗ് നടത്താതെ വലിയ തോതിലുള്ള കുഴി രൂപപ്പെട്ട് വെള്ളക്കെട്ടായി മാറി. റോഡിൽ ടാറിംഗ് തുടങ്ങുന്ന ഭാഗത്തും പഴയ കെ.കെ റോഡിലേക്കു തിരിയുന്ന ഭാഗത്തെയും പുതുപ്പള്ളി ചങ്ങനാശേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെയും ടാർ പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾ മാത്രം നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കണ്ണുതെറ്റിയാൽ..
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ രാത്രികാലങ്ങളിൽ കുഴികളിൽ വീഴുന്നതും പതിവാണ്. റോഡിലെ ടാറിംഗ് ഇളകിമാറി മെറ്റൽ നിറഞ്ഞു കിടക്കുകയാണ്. റോഡിൽ നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രക്കാരെയും ദുരിതത്തിലാണ്. മണർകാട് പള്ളി പെരുന്നാൾ സമയത്ത് റാസാ കടന്നു പോകുമ്പോഴാണ് മുൻ വർഷങ്ങളിൽ റോഡ് നന്നാക്കിയിരുന്നത്. കൊവിഡ് 19 മൂലം പെരുന്നാൾ റാസാ ഇല്ലാതിരുന്നതും റോഡിലെ അറ്റകുറ്റപ്പണി തടസപ്പെടാൻ ഇടയാക്കി.
മഴക്കാലത്ത് റോഡിലൂടെ കടന്നുപോകാൻ പ്രയാസമാണ്. വേനൽക്കാലത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിലുള്ള പൊടി ശല്യമുണ്ട്. മാസ്ക്ക് ധരിക്കുന്നതിനാൽ താത്ക്കാലികമായി പൊടിശല്യം ഒഴിവാക്കാനാകും.
( കെ.ജെ സാലി, മണർകാട് സ്വദേശിനി )