kappan

പാലാ : 'ഞാൻ ജയിച്ചാൽ പാലാ മണ്ഡലത്തിൽ കണി കാണാൻ കിട്ടില്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നു ....? തിരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ ആയിരുന്നല്ലോ ചിലരുടെയൊക്കെ പ്രചരണം '.പതിവു പുഞ്ചിരിയോടെ മാണി.സി. കാപ്പൻ എം.എൽ.എ ചോദിക്കുമ്പോൾ മറുപടി പറയാൻ രാഷ്ട്രീയ എതിരാളികൾ ഒന്നു മടിക്കും.

'കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് പോയതൊഴിച്ചാൽ പാലാ മണ്ഡലത്തിൽ നിന്ന് ഞാൻ മാറി നിന്നിട്ടില്ല. അതു പാലായിലെ ജനങ്ങൾക്കറിയാം ' എം.എൽ.എയായി ഒരുവർഷം തികയാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ കാപ്പന്റെ ഉറപ്പ്. കഴിഞ്ഞ വർഷം ഒക്ടോബർ 9 നായിരുന്നു മാണി.സി. കാപ്പന്റെ സത്യപ്രതിജ്ഞ.

കെ.എം.മാണിയ്ക്ക് ശേഷം പാലാക്കാർ നെഞ്ചേറ്റിയ മാണി.സി.കാപ്പൻ മണ്ഡലമാകെ നിറഞ്ഞു നിൽക്കുകയാണിപ്പോൾ. മുക്കിലും മൂലയിലും കോടികളുടെ വികസനക്കിലുക്കത്തിന്റെ തിളക്കത്തിലാണിപ്പോൾ പാലാ. നിരവധി വികസന പദ്ധതികൾ പൂർത്തീകരണത്തിന്റെ പാതയിലാണ്. ശതകോടികളുടെ പദ്ധതികൾ അണിയറയിലും ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള 'രാമപുരം കുടിവെള്ള പദ്ധതിയാണ് ഏറ്റവും മുഖ്യം. 150 കോടിയുടെ പദ്ധതിയ്ക്ക് സർക്കാർ പച്ചക്കൊടി കാട്ടി. മലങ്കരഡാമിൽ നിന്ന് വെള്ളം നീലൂർ മലയിൽ എത്തിച്ച് സംഭരിച്ച് പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്ന പദ്ധതി 3 ഘട്ടമായാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ കരൂർ, ഭരണങ്ങാനം, മൂന്നിലവ് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ തലപ്പുലം, തലനാട് പഞ്ചായത്തുകളിലും ഈ പദ്ധതി വഴി കുടിവെള്ളമെത്തും.

വികസനച്ചിറകിലേറി

കുറിഞ്ഞി കൂമ്പൻ മല , ഇലവീഴാപൂഞ്ചിറ, മാർമല അരുവി എന്നിവിടങ്ങളിലെ വിപുലമായ ടൂറിസം പദ്ധതികൾ, വർഷങ്ങളായി മുടങ്ങിക്കിടന്ന പാലാ ബൈപ്പാസിന്റെ പൂർത്തീകരണം, പാലാ മുനിസിപ്പാലിറ്റിയേയും മുത്തോലി പഞ്ചായത്തിനേയും കൂട്ടിയിണക്കുന്ന അരുണാപുരം പാലം കം ചെക്ക്ഡാം, പാലാ രാമപുരം റോഡ് റീ ടാറിംഗിന് 3. 8 കോടി തുടങ്ങി നിരവധി പദ്ധതികളാണുള്ളത്. പാലാ ടൗൺ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ടൂറിസം അമിനിറ്റി സെന്ററിന്റെയും തൂക്കുപാലത്തിന്റേയും ഉദ്ഘാടനം ഉടൻ നടക്കും. റിവർവ്യൂ റോഡ് അറ്റകുറ്റപ്പണിയ്ക്ക് അരക്കോടി രൂപ അനുവദിച്ചു.