സർക്കാർ ഏറ്റെടുക്കുന്നത് ബസ് സ്റ്റാന്റുകൾ
ഉൾപ്പെടുന്ന മൂന്നേമുക്കാൽ ഏക്കർ ഭൂമി
ഉത്തരവ് പുറത്തുവന്നതോടെ ഭൂമിയുടെയും
കെട്ടിടങ്ങളുടെയും ഇപ്പോഴത്തെ
കൈവശക്കാർ ആശങ്കയിലായി
കട്ടപ്പന: കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് വ്യാജ രേഖകളുണ്ടാക്കി വ്യക്തി കൈവശപ്പെടുത്തിയ മൂന്നേമുക്കാൽ ഏക്കറോളം ഭൂമി തിരിച്ചുപിടിക്കാൻ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. കൈയ്യേറ്റ ഭൂമി പലർക്കായി വിറ്റിരുന്നു.ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കിയതിനു പുറമേ കൈയേറ്റത്തിനു ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. പഴയ, പുതിയ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടുന്ന ഭൂമിയിൽ കോടികൾ വിലവരുന്ന ബഹുനില കെട്ടിടങ്ങൾ വരെയുണ്ട്. ഇവയുടെ രേഖകൾ റദ്ദാക്കി ഭൂമിയും കെട്ടിടങ്ങളും തിരിച്ചുപിടിക്കാനുമാണ് ഉത്തരവ്.
. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവക്കായി വ്യക്തികൾ സൗജന്യമായി വിട്ടുനൽകിയ ഭൂമിയും റദ്ദാക്കിയ തണ്ടപ്പേരിലും പട്ടയത്തിലും ഉൾപ്പെടും.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചത്. 35 വർഷമായി വില്ലേജ് ഓഫീസിൽ കരം സ്വീകരിച്ചിരുന്ന ഭൂമിയും ഇതിൽ ഉൾപ്പെടും. പലരിലൂടെ കൈമറിഞ്ഞാണ് ഇപ്പോഴത്തെ ഉടമകൾ ഭൂമി വാങ്ങിയിരിക്കുന്നത്. അന്നത്തെ വില്ലേജ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ തണ്ടപ്പേരും അനുബന്ധ രേഖകളും തയാറാക്കിയതായാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. റീസർവേയുടെ ഭാഗമായി ലാൻഡ് റവന്യൂ കമ്മിഷണർ വില്ലേജ് രേഖകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വില്ലേജ് രജിസ്റ്ററിലെ ഭൂരേഖകൾ കീറിമാറ്റിയാണ് അന്നത്തെ ഉദ്യോഗസ്ഥർ കൈയേറ്റത്തിനു കൂട്ടുന്നതെന്നാണ് സൂചന. ഇവർ ആരെല്ലാമാണെന്നു കണ്ടെത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കളക്ടറുടെ ഉത്തരവിലുണ്ട്.
1969ൽ നെടുങ്കണ്ടം ഭൂമിപതിവ് ഓഫീസിൽ നിന്നു പട്ടയം കിട്ടിയെന്നാണ് വ്യക്തിയുടെ വിശദീകരണം. എന്നാൽ അക്കാലത്ത് കട്ടപ്പന വില്ലേജ് പരിധിയിലുള്ളവർക്ക് പീരുമേട് ഓഫീസിൽ നിന്നാണ് പട്ടയം നൽകിയിരുന്നത്. പട്ടയമോ കരമടച്ച രസീതോ യഥാസമയം ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കിയതുമില്ല. സർക്കാർ തിരിച്ചുപിടിക്കൽ നടപടി ആരംഭിച്ചതോടെ ഇയാൾ കോടതിയെ സമീപിച്ചു. 15 വർഷത്തിനുശേഷമാണ് സർക്കാരിനു അനുകൂലമായി വിധി വന്നത്. തുടർന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദേശപ്രകാരം തണ്ടപ്പേർ റദ്ദാക്കി.
പട്ടയത്തിന്റെ പോക്ക് വരവ്
മരവിപ്പിക്കും
വ്യക്തിയുടെ പേരിലുള്ള കട്ടപ്പന ടൗൺഷിപ്പ് 20ൽ വരുന്ന തണ്ടപ്പേർ റദ്ദാക്കി പഴയ തണ്ടപ്പർ 850 പ്രകാരം എൽ.എ. 71/69 നമ്പർ പട്ടയത്തിന്റെ എല്ലാ പോക്ക്‌വരവുകളും ഇപ്പോഴത്തെ കക്ഷികളെ നേരിൽ കേട്ടശേഷം മരവിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇടുക്കി റവന്യു ഡിവിഷണൽ ഓഫീസർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.