
കോട്ടയം : കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കാൻ നൂറു ദിന കർമ്മ പദ്ധതി. ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് നടത്തുന്ന സുകൃതം 500 എന്ന പരിപാടിയിലൂടെ കൊവിഡ് മുക്തരായ 500 പേരുടെ പ്ലാസ്മ 100 ദിവസംകൊണ്ട് ശേഖരിക്കും.
ആദ്യദിനമായ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ അഞ്ചുപേർ പ്ലാസ്മ ദാനം ചെയ്തു. തുടർന്നുള്ള 99 ദിവസങ്ങളിലും അഞ്ചുപേരുടെ വീതം പ്ലാസ്മ ശേഖരിക്കും. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നത്.
കൊവിഡ് മുക്തരായി 28 ദിവസം കഴിഞ്ഞവരെയാണ് പ്ലാസ്മ ദാനത്തിന് പരിഗണിക്കുന്നത്. രോഗമുക്തിക്കുശേഷം നാലു മാസം പിന്നിടുന്നതുവരെ പ്ലാസ്മ ദാനം ചെയ്യാം. വിവിധ വ്യവസായ സ്ഥാപനങ്ങളും പാലാ ബ്ലഡ് ഫോറം, റെഡ് ഇസ് ബ്ലഡ് കേരള തുടങ്ങിയ സന്നദ്ധ സംഘടനകളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.വ്യവസായ ശാലകളിലെ രോഗമുക്തി നേടിയ ആരോഗ്യവാൻമാരായ ജീവനക്കാരെ മാനേജ്‌മെന്റുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ബോധവത്കരിച്ച് അവരുടെ അനുമതി വാങ്ങിയശേഷമാണ് പരിപാടിയിൽ പങ്കാളികളാക്കുന്നത്. 18-50 വയസ് വരെയാണ് പ്രായപരിധി.
പ്ളാസ്മ ശേഖരണം വ്യത്യസ്തം
രക്തബാഗിലേക്ക് രക്തം ശേഖരിക്കുന്ന പതിവു രീതിയിൽനിന്ന് വ്യത്യസ്തമായി രക്തം പ്ലാസ്മാ ഫെറേസിസ് മെഷീനിലേക്ക് കടത്തിവിട്ട് പ്ലാസ്മ മാത്രം ശേഖരിച്ചശേഷം മറ്റ് രക്തഘടങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ തിരികെ നൽകുകയാണ് ചെയ്യുന്നത്. ഇതുവഴി കുറവു വരുന്ന പ്ലാസ്മ പരമാവധി രണ്ടു ദിവസത്തിനുള്ളിൽ ശരീരത്തിൽ പുനരുത്പാദിപ്പിക്കപ്പെടും. ഒരാളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്മ രണ്ടു രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും. രണ്ടാഴ്ചത്തെ ഇടവേളയിൽ തുടർന്നും പ്ലാസ്മ ദാനം ചെയ്യാം.
ശ്രദ്ധിക്കാൻ
പ്ളാസ്മ നൽകാൻ രോഗം ഭേദമായി കുറഞ്ഞത് നാലാഴ്ചയെങ്കിലും കഴിയണം
പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടാൻ : 9846133096
ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സാ കേന്ദ്രത്തിലും സന്നദ്ധത അറിയിക്കാം