ഈരാറ്റുപേട്ട: കോവിഡ് വ്യാപനഭീതി ശക്തമാവുന്നതിനിടെ ഈരാറ്റുപേട്ട മേഖലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.
ഒരാഴ്ച്ചയ്ക്കിടെ ആയിരത്തോളം പേർ ചികിത്സ തേടി. ദിനംപ്രതി ശരാശരി 200നും 300നുമിടയിൽ പേർ ആശുപത്രികളിൽ എത്തുന്നുണ്ട്. ജൂലായിൽ ശരാശരി 250 പേരായിരുന്നു ചികിത്സ തേടിയിരുന്നത്. പനിബാധിതരുടെ എണ്ണം ഉയരാറുള്ള ജൂൺ, ജൂലായ് മാസങ്ങളേക്കാൾ ഉയർന്ന നിരക്കാണിപ്പോൾ.
കൊവിഡിന് പിന്നാലെ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരുന്നു. മൺസൂൺ കാലയളവിൽ ദിനംപ്രതി 1000ത്തോളം പേർ ചികിത്സ തേടാറുണ്ട്. വൈറൽ പനി കൊവിഡ് ലക്ഷണമായി വിലയിരുത്തുമോയെന്ന ഭയത്തിലാണ് ഇപ്പോൾ പലരും ചികിത്സ തേടാതിരിക്കുന്നത്.' സ്വയംചികിത്സ നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇതിനെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തിയിരുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് ഡോക്ടന്മാരാണുള്ളത്. എന്നാൽ അവരിൽ പലരെയും ഈരാറ്റുപേട്ട കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിയോഗിച്ചിരിക്കുകയാണ്. അതിനാൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്.