
ചങ്ങനാശേരി: ജീവിക്കാൻ കൃഷിവകുപ്പിന്റെ സഹായം തേടി കർഷകർ. പായിപ്പാട് കൃഷിഭവന് കീഴിലെ കൊല്ലാപുരം, ചിറക്കരവയൽ പാടശേഖരങ്ങളിലെ നെൽകർഷകരാണ് കൃഷിയിറക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇവിടുത്തെ ജലസേചനത്തിനുള്ള കല്ലുകടവ് തോടിന്റെ ഒരു ഭാഗം മാത്രം വൃത്തിയാക്കി പണി പൂർത്തീകരിച്ച് ജോലിക്കാർ മടങ്ങിയതോടെ ബാക്കി പ്രദേശത്ത് പോള അടിഞ്ഞുകൂടുകയായിരുന്നു. തോടിന് രണ്ടടി താഴ്ച കൂട്ടാനും പോള നീക്കം ചെയ്യാനുമുള്ള പദ്ധതി ശരിയായി നടക്കാഞ്ഞതാണ് നെൽകർഷകർക്ക് വിനയായത്.
രണ്ടുമാസം മുമ്പ് കൊയ്ത്ത് നടന്ന പാടശേഖരത്തിൽ പോള നിറഞ്ഞതിനാൽ പുതിയ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയായെന്ന് കർഷകർ പറയുന്നു. ഇപ്പോൾ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ട സമയത്ത് മോട്ടോർ പ്രവർത്തിപ്പിക്കാനാവാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. 25 വർഷം തരിശുകിടന്ന 22 ഏക്കറുള്ള ചിറക്കരവയൽ പാടശേഖരത്തിലും ഇക്കൊല്ലം കൃഷിയിറക്കാനുള്ള നടപടി തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ പോള ഇരുട്ടടിയായത്. കൊല്ലാപുരം പാടശേഖരത്തെ 20 ഏക്കറിലാണ് കൃഷി നടന്നിരുന്നത്. കൃഷിയിറക്കാനുള്ള തടസം ചൂണ്ടിക്കാട്ടി കർഷകർ നൽകിയ പരാതിയെ തുടർന്ന് പാടിപ്പാട് കൃഷി ഓഫീസർ പാടശേഖരം സന്ദർശിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് കർഷകർ പറയുന്നു.
കൊല്ലാപുരം, ചിറക്കരവയൽ പാടശേഖരങ്ങളിൽ കൃഷിയിറക്കാനുള്ള സൗകര്യമുണ്ടാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി പഞ്ചായത്ത് ഭരണസമിതിയും മറ്റ് അധികൃതരും സ്വീകരിക്കണം
കെ.എം ജോസഫ്
സെക്രട്ടറി
കൊല്ലാപുരം പാടശേഖരസമിതി