
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ യു.ഡി.എഫിൽ കയറാനുള്ള പി.സി ജോർജിന്റെ നീക്കത്തിനെതിരെ യുഡിഎഫ് പൂഞ്ഞാർ മേഖല കമ്മിറ്റി പ്രമേയം പാസാക്കി ടോർപ്പിഡോ വച്ചു. ജോർജ് യു.ഡി.എഫിലേക്ക് കടക്കുന്നുവെന്ന് സൂചന ലഭിച്ചതു മുതൽ മുന്നണിയിൽ എതിർപ്പ് പ്രകടമായിരുന്നു. യു.ഡി.എഫ് പ്രമേയത്തിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ കളി ഉണ്ടെന്നാണ് പ്രചാരണം .
കാലാകാലങ്ങളായി സ്വന്തം പാർട്ടിയെയും നിൽക്കുന്ന മുന്നണിയെയും തകർക്കുകയും പാർട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന ചരിത്രം പി.സിജോർജിനുള്ളതിനാൽ യു.ഡി.എഫിലെ ഏതെങ്കിലും ഘടകകക്ഷിയിലോ അംഗമായി സ്വീകരിക്കരുതെന്നാണ് പ്രമേയത്തിന്റെ ചുരുക്കം.
പി. സി. ജോർജിന്റെ യു.ഡി.എഫ് പ്രവേശം ചർച്ച ചെയ്യാൻ നേരത്തേ ഈരാറ്റുപേട്ടയിൽ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേരാനെത്തിയ ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കൻ പങ്കെടുത്തത്. കൂടുതൽ പ്രവർത്തകർ എത്തിയതോടെ വാഴയ്ക്കൻ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പി.സി. ജോർജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എതിർപ്പു പ്രകടമായത്.
പൂഞ്ഞാർ മേഖലാ കമ്മിറ്റി പ്രമേയത്തിൽ നിന്ന്
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ, പി.സി. ജോർജ്ജ് ഐകൃജനാധിപത്യമുന്നണിയിൽ കടന്നുവരുന്നതിനുള്ള നീക്കങ്ങൾ നടത്തിവരുന്നതായി വ്യാപകമായ പ്രചാരണം ഉണ്ടായിരിക്കുന്നതിൽ യു.ഡി.എഫിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും അസംതൃപ്തരും ആശങ്കാകുലരുമാണ്. പി.സി. ജോർജ്ജിന് കാലാകാലങ്ങളായി സ്വന്തം പാർട്ടിയെയും നിൽക്കുന്ന മുന്നണിയെയും തകർക്കുകയും പാർട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ചരിത്രമാണ് നിലവിലുള്ളത്. ഉമ്മൻചാണ്ടി, കെ.എം. മാണി, പി.ജെ. ജോസഫ്, ഇ. അഹമ്മദ് മുതലായവരെ സമൂഹമദ്ധ്യത്തിൽ ആക്ഷേപിക്കുകയും യു.ഡി.എഫിനെ തകർക്കുവാൻ അച്ചാരം വാങ്ങി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് . പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ആന്റോ ആന്റണി യെ പരാജയപ്പെടുത്തുന്നതിനായി ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചു. സ്വന്തം കാര്യലാഭത്തിനല്ലാതെ മുന്നണിക്കുവേണ്ടി ഒരു കാലഘട്ടത്തിലും ജോർജ്ജ് പ്രവർത്തിച്ചിട്ടില്ല. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും, സഹകരണ സ്ഥാപനങ്ങളും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയും ജോർജ്ജിന്റെ സഹായം ഇല്ലാതെ തന്നെ യു.ഡി.എഫ്. ഭരണത്തിലാണ് . വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.ഫിന് ജയിച്ച് വരുവാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇന്ന് നിലവിലുള്ളതിനാൽ ജോർജ്ജിനെ ഒരു കാരണവശാലും യു.ഡി.എഫിൽ എടുക്കരുതെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.