nat

കോട്ടയം : കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ " ലേണിംഗ് എക്സ്പീരിയൻസ് പാക്കേജുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. കൊവിഡിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മുൻകാലങ്ങളിലെ പോലെ വൻവർദ്ധന സമീപകാലത്തൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതു മറികടക്കാൻ കേരളത്തിൽ എത്തുന്ന ടൂറിസ്റ്റുകളുടെ താമസ ദൈർഘ്യം (ലെംഗ്ത് ഒഫ് സ്റ്റേ ) വർദ്ധിപ്പിക്കാനുള്ള പാക്കേജുകളാകും നടപ്പാക്കുക. ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത വിവിധ യൂണിറ്റുകളാണ് പാക്കേജുകളിൽ പഠന സൗകര്യം ഒരുക്കുന്നത്. മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം ഒരുക്കും. പാക്കേജുകളുടെ നിരക്ക് തിരഞ്ഞെടുക്കുന്ന പഠനവിഷയത്തിനും താമസ - ഭക്ഷണസൗകര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

പാക്കേജുകൾ നാല് വിധത്തിൽ

ക്രാഫ്റ്റ് ലേണിംഗ് പാക്കേജ് : 15 ദിവസം മുതൽ 60 ദിവസം വരെ നീണ്ടുനിൽക്കുന്നത്. കേരളത്തിലെ വിവിധ പരമ്പരാഗത തൊഴിലുകൾ, കരകൗശല നിർമ്മാണം എന്നിവ പഠിക്കാം.

ആർട്ട് & കൾച്ചർ ലേണിംഗ് : കുറഞ്ഞത് 3 മാസവും കൂടിയത് 9 മാസവും വരെ നീണ്ട് നിൽക്കുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും കലാരൂപങ്ങൾ പഠിക്കാൻ അവസരമുണ്ടാകും.

കുസീൻ ലേണിംഗ് പാക്കേജ് : കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ പഠിക്കുന്നതിനുള്ള പാക്കേജ്. 15 മുതൽ 30 ദിവസം വരെ നീണ്ടുനിൽക്കും.

മാർഷ്യൽ ആർട്ട് ലേണിംഗ് പാക്കേജ് : ഒരു വർഷം വരെ നീണ്ടുനിൽക്കും. പ്രധാനമായും കേരളത്തിന്റെ തനത് ആയോധനകലകൾ പഠിക്കുന്നതിന് അവസരം ഒരുക്കും.