
കോട്ടയം : ഖജനാവിനെ സമ്പുഷ്ടമാക്കി ഗതാഗതനിയമലംഘനം കൂടുന്നു. മോട്ടോർവാഹന വകുപ്പിന്റെ ജില്ലയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം രണ്ടുമാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
മോട്ടോർ വാഹനവകുപ്പിന്റെ മറ്റ് യൂണിറ്റുകളും പൊലീസും എടുക്കുന്ന കേസുകൾക്ക് പുറമേയാണ് ഇത്രയധികം കേസ്. പരിശോധന ശക്തമായതോടെ ചിലയിടങ്ങളിലെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപവുമായി വാഹന ഉടമകളും രംഗത്തുണ്ട്.
കൊവിഡ് മൂലം നിറുത്തി വച്ചിരുന്ന പരിശോധനയാണ് ശക്തമാക്കിയത്. ഓണം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പരിശോധന ഘട്ടംഘട്ടമായാണ് വ്യാപകമാക്കിയത്. കൊവിഡ് മൂലം പരിശോധന നിലച്ചതോടെ ഒട്ടേറെ അനധികൃത വാഹനങ്ങൾ നിരത്തിലിറങ്ങിയെന്നാണ് അധികൃതർ പറയുന്നത്. രൂപമാറ്റം വരുത്തിയും നികുതിയും ഇൻഷ്വറൻസും ഇല്ലാതെയും വാഹനങ്ങൾ ഓടുന്നുണ്ട്. ഇതോടെയാണ് കേസുകളുടെ എണ്ണവും പിഴ ഇനത്തിലുള്ള വരവും കൂടിയത്. അപകട സാധ്യതയുള്ളതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് എടുക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ അനുവദനീയമല്ലാത്ത അലോയ് വീൽ പിടിപ്പിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. ഹാൻഡിലുകളുടെ രൂപമാറ്റവും അപകടസാദ്ധ്യത ഉണ്ടാക്കുന്നതാണെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
അപകടം കുറഞ്ഞെന്ന്
പരിശോധ കാര്യക്ഷമമായപ്പോൾ അപകട നിരക്കും കുറഞ്ഞു. 2019 ആഗസ്റ്റിൽ 183 അപകടങ്ങളും 27 മരണവും ഉണ്ടായപ്പോൾ ഈ ആഗസ്റ്റിൽ 138 അപകടങ്ങളും 14 മരണവുമാണുണ്ടായത്. ജൂൺ, ജൂലായ് മാസത്തിലെ അപകടമരണങ്ങളിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇ-പോസ് മെഷീനുകളും സ്പീഡ് കാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളും ഉപയോഗിച്ചതാണ് പ്രയോജനപ്പെട്ടത്.
പിഴത്തുക
ആഗസ്റ്റ് : 51.66 ലക്ഷം
സെപ്തംബർ: 51.66 ലക്ഷം