
തിരുവഞ്ചൂർ : വീട്ടിലേയ്ക്കുള്ള മൂന്നടി വീതിയുള്ള ഏക നടപ്പാത കെട്ടി അടച്ചതോടെ കോടതിയുടെ കനിവ് കാത്തിരിക്കുകയാണ് തിരുവഞ്ചൂർ നീറിക്കാട് നടുവിലേടത്ത് വീട്ടിൽ മനോജും കുടുംബവും. 30 വർഷമായി സഞ്ചരിച്ചുകൊണ്ടിരുന്ന വഴിച്ചാലാണ് സമീപവാസി കരിങ്കല്ല് കെട്ടി അടച്ചത്.
മറ്റ് റോഡുകൾ ഇല്ലാത്തതിനാൽ വീടിന് സമീപത്തെ കയ്യാല കയറി റബർ തോട്ടത്തിലൂടെ നടന്നാണ് ഇപ്പോൾ റോഡിലേയ്ക്ക് എത്തുന്നത്. പ്രായമായ മാതാവിനെയും രോഗിയായ പിതാവിനെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെങ്കിൽ പോലും കയ്യാല കയറി 200 മീറ്റർ തോട്ടത്തിലൂടെ സഞ്ചരിച്ച് വേണം റോഡിലേയ്ക്ക് എത്താൻ. പഞ്ചായത്ത് സ്ഥലത്ത് നിന്നും മുൻപ് മണ്ണെടുത്തതിനെതിരെ പരാതി നൽകിയതിനാലാണ് വഴിയടച്ചതെന്നാണ് മനോജ് പറയുന്നത്. സംഭവത്തെ തുടർന്ന് മണ്ണെടുക്കുന്നതിന് പഞ്ചായത്ത് അധികൃതർ സ്റ്റേ നല്കുകയും ചെയ്തു. തുടർന്ന് സമീപവാസിയുടെ പുരയിടത്തിലൂടെ മനോജിന്റെ വീട്ടിലേക്ക് കടന്നുപോകുന്ന വഴിച്ചാൽ കെട്ടി അടച്ചശേഷം വാഴ നടുകയും ഇരുമ്പ് കൂട് സ്ഥാപിക്കുകയും ചെയ്തു. വഴിച്ചാൽ കെട്ടി അടച്ചതിനെ തുടർന്ന് മനോജ് കോടതിയിലും പഞ്ചായത്തിലും പൊലീസിലും പരാതി നല്കി. ആദ്യം നൽകിയ കേസിൽ കോടതി വിധി എതിരായതിനെ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ്. വഴി തുറന്നുകിട്ടുന്നതിനായി അയർക്കുന്നം പൊലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നല്കിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിൽ നില്ക്കുന്നതിനാൽ സ്വീകാര്യമായ നടപടിയുണ്ടായില്ല.
പ്രതികരണം
വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നടപ്പാതയാണിത്. വീടു നിർമ്മാണ സമയത്ത് ആവശ്യമായ വസ്തുക്കൾ എത്തിച്ചതും ഈ വഴിയിലൂടെയാണ്. ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട പിതാവിനെയും പ്രായമായ മാതാവിനെയും രാത്രി കാലങ്ങളിൽ അത്യാവശ്യസമയത്ത് ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകണമെങ്കിൽ ബുദ്ധിമുട്ടാണ്. അടച്ചുകെട്ടിയ വഴി തുറന്നു നല്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ.
( മനോജ് മുകളേൽ, നീറിക്കാട്).
വഴിച്ചാൽ മുൻപ് ഉണ്ടായിരുന്നതാണ്. മനോജും കുടുംബവും ഈ നടപ്പാതയിലൂടെ സഞ്ചരിച്ചിരുന്നതാണ്. ഇടക്കാലത്താണ് പ്രശ്‌നങ്ങളെ തുടർന്ന് വഴി അടച്ചത്.
( സമീപവാസി)
അയർക്കുന്നം പഞ്ചായത്തിലെ 17 വാർഡിലാണ് മനോജ് താമസിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന വഴിച്ചാലിലൂടെയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പഞ്ചായത്തിന്റെ റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് ഈ വഴിച്ചാലിലേയ്ക്കുള്ള ഭാഗത്ത് സ്ഥലം വിട്ടിരുന്നു. ഇവർക്ക് പുറത്തേക്ക് ഇറങ്ങുന്നതിന് മറ്റ് റോഡുകൾ ഒന്നും നിലവിലില്ല. പഞ്ചായത്തിലും വിഷയത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നു.
( ആലീസ് വാർഡ് മെമ്പർ)
സ്ഥലം വാങ്ങിച്ചപ്പോൾ അതിൽ നടപ്പാതയുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്നത് ഈ നടപ്പാതയിലൂടെയല്ല. ഇതുവഴി കടന്നുപോകുന്നത് കണ്ടിട്ടില്ല. സമീപത്തായി മറ്റൊരു വഴിച്ചാൽ കടന്നുപോകുന്നുണ്ട് ഇതിലൂടെയാണ് സഞ്ചരിക്കുന്നത്.
( കേശവൻ, സ്ഥലം ഉടമ)