ചിറ്റാറ്റിൻകര പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിക്കാൻ നടപടിയില്ല
ഈരാറ്റുപേട്ട: ഒരു ദുരന്തത്തിനായി കാത്തുനിൽക്കണോ! കൊണ്ടൂർ ചിറ്റാറ്റിൻകര പാലം കണ്ട് പ്രദേശവാസികൾ അറിയാതെ പറഞ്ഞുപോകും. അവർ ഇങ്ങനെ ആശങ്കപ്പെട്ടെങ്കിൽ അതിൽ കാര്യമുണ്ട്. കൈവരിയില്ലാത്ത പാലം യാത്രക്കാർക്ക് ശരിക്കും കെണിയാകുകയാണ്.ഈരാറ്റുപേട്ടയിൽ നിന്നും കൊണ്ടൂർ അമ്പാറ നിരപ്പ് പൂവത്തോട് വഴി ഭരണങ്ങാനത്തിനെത്തിച്ചേരുന്ന റൂട്ടിൽ ചിറ്റാറിന് കുറുകെ 60 വർഷം മുമ്പാണ് പാലം നിർമ്മിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് കൊണ്ടൂർ ചിറ്റാറ്റിൻകര പാലത്തിന്റെ കൈവരികൾ തകർന്നത്. ഇരുമ്പ് കേഡർ ഉപയോഗിച്ചായിരുന്നു പാലത്തിന്റെ കൈവരികൾ നിർമ്മിച്ചിരുന്നത്. ആഗസ്റ്റ് ആദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ ചിറ്റാർ കരകവിഞ്ഞതിനെ തുടർന്ന് ഒഴുകിവന്ന തടികളും മറ്റും ഇടിച്ചാണ് കൈവരികൾ തകർന്നത്. ഈ സാഹചര്യത്തിൽ പാലത്തിലൂടെയുള്ള കാൽനടയാത്ര പോലും അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൈവരിയില്ലാത്തതിനാൽ അരിക് ചേർന്നെത്തുന്ന വാഹനങ്ങൾ ആറ്റിലേക്ക് പതിക്കാനുള്ള സാധ്യതയും ഏറെയാണ്.
അണയാത്ത പ്രതിഷേധം
പാലത്തിന് കേടുപാടുകൾ സംഭവിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ പൊതുമരാമത്ത് അധികാരികൾ തയാറാകാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. അനാസ്ഥ തുടർന്നാൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.