in

കോട്ടയം : കൊവിഡ് കാലത്ത് നെറ്റിപ്പട്ട നിർമ്മാണ മേഖലയിൽ ഇരട്ടസഹോദരിമാരായ നഴ്സുമാർ. പാമ്പാടി ഏഴാം മൈൽ സ്വദേശിനികളായ ഇന്ദുവും ലേഖയും നിർമ്മിച്ച നെറ്റിപ്പട്ടങ്ങൾക്കിപ്പോൾ വൻഡിമാൻഡാണ്. വിവാഹ ശേഷം ലേഖ കോട്ടയത്തെ തൊഴിൽ സംരംഭകപരിശീലന പരിപാടിയിൽ നിന്നാണ് നെറ്റിപ്പട്ടം നിർമ്മിക്കാൻ പഠിച്ചത്. സൗദിയിൽ നഴ്‌സ് ആയിരുന്ന ഇന്ദു കൊവിഡ് മൂലം നാട്ടിലെത്തിയതോടെ പുറത്തേക്കുള ജോലി തത്കാലം വേണ്ടെന്നും വച്ചു. തുടർന്ന് ലേഖയും ഇന്ദുവും നെറ്റിപ്പട്ടം ഉണ്ടാക്കി. ആദ്യമുണ്ടാക്കിയ നെറ്റിപ്പട്ടം ഇഷ്ടപെട്ട സുഹൃത്ത് അതു വാങ്ങി. പിന്നെ അതൊരു തൊഴിലുമാക്കി.

എല്ലാ ജോലിയും കഴിഞ്ഞ് ഒഴിവ് സമയത്താണ് ഇരുവരുടേയും കലാപരിപാടികൾ. തൃശൂർ നിന്നാണ് നെറ്റിപ്പട്ടത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. 5 മുതൽ 7 ദിവസം വരെ ഒരു നെറ്റിപ്പട്ടം ഉണ്ടാകാൻ എടുക്കാറുണ്ട്. '' ഹൈന്ദവ ആചാരപ്രകാരം എല്ലാവിധ ശുദ്ധി വൃത്തികളോടും കൂടി ആണ് നെറ്റിപ്പട്ടം ഉണ്ടാകുന്നത്. ഇതിലെ ഓരോ ഭാഗങ്ങളും ഓരോ ദേവീദേവ സങ്കൽപം ആണ്. ഒന്നര മുതൽ അഞ്ചര അടി വരെ ഉള്ള നെറ്റിപ്പട്ടം ഇതു വരെ ഉണ്ടാക്കി''- ഇരുവരും പറയുന്നു. പാമ്പാടി ഏഴാം മൈൽ ചെറുകുന്നേൽ വീട്ടിൽ ഇരട്ട സഹോദരങ്ങളായ ഗിരീഷും രതീഷുമാണ് ഭർത്താക്കന്മാർ.