
ആറുകളും തോടുകളും മാലിന്യമുക്തമാക്കി ഒഴുക്കുണ്ടാക്കി പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യം മുൻ നിറുത്തിയായിരുന്നു മൂന്നു വർഷം മുമ്പ് കൊടൂരാർ മീനച്ചിലാർ മീനന്തറയാർ സംയോജന പദ്ധതി നടപ്പാക്കിവന്നത്. രാഷ്ട്രീയത്തിന് അതീതമായി ജനകീയ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ലക്ഷ്യത്തോട് അടുത്ത പദ്ധതി തകർക്കാനുള്ള ശ്രമം പോലെയായി ചില ജനദ്രോഹികൾ റോഡിന് വീതി കൂട്ടാനെന്ന വ്യാജേന പൊൻപള്ളി ഭാഗത്ത് മീനന്തറയാറ്റിൻ തീരം മണ്ണിട്ടു നികത്താൻ നടത്തിയ ശ്രമം. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ തത്കാലം നികത്തൽ നിന്നെങ്കിലും ഇതിന് പിന്നിൽ ആരൊക്കയോ കളിച്ചുവെന്ന് സംശയിക്കുകയാണ് ചുറ്റുവട്ടം.
മണ്ണ് നീക്കാൻ കർശന നടപടിയെടുക്കും അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്ന സ്ഥിരം ഡയലോഗാണ് ജില്ലാ കളക്ടർ നടത്തിയത്. ഇത്ര തന്റേടത്തോടെ മീനന്തറയാറ്റിൽ മണ്ണിട്ട് നികത്തിയത് വിജയപുരം പഞ്ചായത്ത് മുൻ അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒരാഴ്ച മുൻപ് മണ്ണടിച്ചിട്ടും ഇതുവരെ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഗാന്ധിജയന്തി അവധിയോട് ചേർന്ന് വൻതോതിൽ മണ്ണടിക്കാനായിരുന്നു ശ്രമം. വാർത്ത വന്നതോടെ മണ്ണടിക്കൽ തത്കാലം നിന്നെങ്കിലും എപ്പോൾ വേണമെങ്കിലും തുടരാം. പുഴ സംരക്ഷണ നിയമപ്രകാരം പുഴയുടെ തീരത്ത് എന്തു മാറ്റം വരുത്താനും അനുമതി വേണമെന്നാണ് നിയമം. വയൽ നികത്താൻ നിയമം അനുവദിക്കുന്നില്ല. സമീപത്തെ കുന്നിൽ നിന്നാണ് മണ്ണ് എത്തിച്ചത്. ഇതെല്ലാം ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് താഴെ നടന്ന നിയമലംഘനങ്ങളാണ്. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇതൊക്കെ നടക്കുമോ?
പഞ്ചായത്ത് റോഡ് വീതി കൂട്ടുന്നുവെന്ന പേരിലാണ് പാടവും ആറും നികത്താൻ ശ്രമം നടത്തിയത്. പുഴയും പുറമ്പോക്ക് തഹസിൽദാർ അളന്ന് നടപടി എടുക്കുമെന്നാണ് പറയുന്നത്. അളവ് കഴിയുമ്പോൾ മീനന്തറയർ പാടത്തിന്റെ ഉടമസ്ഥന് അവകാശപ്പെട്ടതാകുമോ എന്നാണ് ഇനി അറിയേണ്ടത് ! രാഷ്ട്രീയ പാർട്ടി നേതാക്കളോ പ്രവർത്തകരോ നികത്തലിനെതിരെ ഒരു പ്രസ്താവന ഇറക്കാൻ പോലും തയ്യാറാകാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. മണ്ണ് അടിയന്തിരമായി നീക്കിയില്ലെങ്കിൽ ആറ് നികന്ന് വീണ്ടും പ്രളയ ഭീഷണി ഉണ്ടാകുമെന്നാണ് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്. തങ്ങൾക്ക് കിട്ടാനുള്ളത് കൃത്യമായി കിട്ടിയാൽ ആർക്കും എന്തു 'പോക്രിത്തരവും ' കാണിക്കാമെന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥരും പ്രതികരിക്കാത്ത രാഷ്ട്രീയക്കാരുമുണ്ടെങ്കിൽ മീനന്തറയാറല്ല വേമ്പനാട്ടുകായൽ വരെ വേണമെങ്കിൽ നികത്തും. ആരുണ്ട് ചോദിക്കാൻ !