
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം
വിദ്യാർത്ഥികൾക്കായി 'മുറ്റത്തൊരു വാഴത്തോട്ടം' പദ്ധതി തുടങ്ങി. പി.ടി.എയുടെ സഹകരണത്തോടെ അദ്ധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് നാല് ഞാലിപ്പൂവൻ വാഴ വിത്തുകൾ വീടുകളിൽ എത്തിച്ചു നൽകും. കൃഷി ചെയ്യേണ്ട വിവരണങ്ങളുമടങ്ങിയ ലഘു ലേഖയും കൈമാറും. വിദ്യാർഥികൾക്ക് നട്ട് പരിപാലിച്ച് വിളവെടുക്കാം.
പഠനത്തിനാവശ്യമായ തുക സ്വന്തമായി കണ്ടെത്താൻ പ്രാപ്തരാക്കുന്നതിനൊപ്പം കൃഷിയിൽ ആഭിമുഖ്യം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു. വാഴ വിത്തുകൾ വാങ്ങാനുള്ള പണം ലിൻസി ജോർജാണ് കണ്ടെത്തിയത്. മികച്ച രീതിയിൽ കൃഷിചെയ്യുന്ന വിദ്യാർത്ഥികൾക്കു സമ്മാനങ്ങളും നൽകും. കാഞ്ചിയാർ കൃഷി ഓഫീസർ ടിന്റുമോൾ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി. ശിവകുമാർ, പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് സുകുമാരൻ നായർ, അദ്ധ്യാപകരായ പി.എസ്. ഓമന, ടി.സി. വിജി എന്നിവർ പങ്കെടുത്തു.