കട്ടപ്പന: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കട്ടപ്പന നഗരത്തിൽ 60ൽപ്പരം പേർക്കെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. അഞ്ചുപേരിലധികം കൂട്ടംകൂടിയതിനും സാമൂഹിക അകലം പാലിക്കാത്തതിനും മുഖാവരണം ധരിക്കാത്തതിനും ഉൾപ്പെടെയാണ് പെറ്റിക്കേസ് എടുത്തത്. കർശന നിയന്ത്രണം നിലവിൽ വന്നിട്ടും ആളുകൾ ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. പൊലീസ് എത്തുമ്പോൾ മാത്രമാണ് സാമൂഹിക അകലം പാലിക്കുന്നത്. നഗരത്തിലെത്തുന്നവരിൽ ഭൂരിഭാഗം പേരും മുഖാവരണം ശരിയായ രീതിയിൽ ധരിക്കുന്നില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ഒരേസമയം അഞ്ചിലധികം പേർ ഉണ്ടായിരുന്നു. 144 അനുസരിച്ചുള്ള കർശന നിയന്ത്രണങ്ങൾ ടൗണുകളിൽ മാത്രമാണ്. മറ്റിടങ്ങളിൽ സാധാരണ നിയന്ത്രണങ്ങളും തുടരും.