school

കോട്ടയം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ ജില്ലയിലെ മൂന്നു സർക്കാർ എൽ.പി സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപവീതം ചിലവിട്ട് നിർമിച്ച തൊണ്ണംകുഴി, ചേനപ്പാടി, കിടങ്ങൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് സംസ്ഥാനത്തെ മറ്റ് 87 സ്‌കൂളുകൾക്കൊപ്പം നാടിന് സമർപ്പിച്ചത്.

കൊവിഡ് പ്രതിസന്ധിയ്ക്കൊടുവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ സ്‌കൂളുകൾ തുറക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണം ലഭിച്ചു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ച മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ഡോ.ടി.എം. തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവർ സംസാരിച്ചു. തൊണ്ണംകുഴി എൽ.പി. സ്‌കൂളിൽ സുരേഷ് കുറുപ്പ് എം.എൽ.എയും, കിടങ്ങൂരിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എയും, ചേനപ്പാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ശിലാഫലകം അനാച്ഛാദനം ചെയ്തു.