കട്ടപ്പന: അയൽവാസികളുടെ പരാതിയുടെ പേരിൽ പട്ടികജാതി വിഭാഗത്തിൽപെട്ട യുവാവിനെയും കുടുംബത്തെയും പൊലീസ് നിരന്തരം കേസെടുത്ത് പീഡിപ്പിക്കുകയാണെന്ന് പരാതി. ഉപ്പുതറ ലോൺട്രീ പുത്തൻപുരക്കൽ അജേഷാണ് ഉപ്പുതറ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. അയൽവാസികളായ ചിലരാണ് അജേഷിനെതിരെ നിരന്തരം പൊലീസിൽ പരാതി നൽകുന്നത്. ഒളിഞ്ഞുനോക്കി, ആക്രമിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകി ഗുണ്ടാ ലിസ്റ്റിൽ ഉൾപെടുത്തുമെന്നാണ് ഇവരുടെ ഭീഷണി. ഉപ്പുതറ പൊലീസ് ഇവർക്ക് കൂട്ടുനിൽക്കുകയാണെന്നും അജേഷ് ആരോപിച്ചു. 2019 ജൂലായ് 11ന് അയൽവാസികളായ റോബിൻസൺ, നിക്‌സൺ, മഞ്ജു എന്നിവരടങ്ങുന്ന സംഘം അജേഷിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. അജേഷ് ബൈക്ക് തള്ളിക്കൊണ്ട് പോകുമ്പോൾ മഞ്ജുവിന്റെ കൈയിൽ തട്ടിയെന്നു പറഞ്ഞായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് ഉപ്പുതറ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ആശുപത്രിയിൽ നിന്ന് തിരിച്ചുവന്ന ശേഷം അയൽവാസികൾ നിരന്തരം പരാതി നൽകുകയാണെന്നും അജേഷ് ആരോപിച്ചു. അജേഷിന്റെ ഭാര്യ കുമിത, ഭിന്നശേഷിക്കാരിയായ മകൾ അനീഷ എന്നിവരെ അയൽവാസികൾ വീടുകയറി ആക്രമിച്ചതിനു കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിനു ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത അജേഷും കുടുംബവും പാട്ടത്തിനെടുത്ത സ്ഥലത്തെ ഷെഡ്ഡിലാണ് താമസിക്കുന്നത്.