പാലാ: 'ചേട്ടൻ വിട പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അദ്ദേഹമെഴുതിയ കഥയിലെ കഥാപാത്രമായ ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ' കേരള സാഹിത്യ തറവാട്ടമ്മ ലളിതാംബിക അന്തർജ്ജനത്തിന്റേയും മകൻ പ്രസിദ്ധകഥാകാരൻ എൻ.മോഹന്റെയും ചില്ലിട്ട ചിത്രങ്ങൾക്കു ചുവട്ടിലിരുന്ന് വിടർന്ന ചിരിയോടെ പറയുകയായിരുന്നൂ എൻ. രാജേന്ദ്രൻ ഐ.പി. എസ്.
ലളിതാംബിക അന്തർജ്ജനത്തിന്റെ ഇളയ മകനും മുൻ ത്രിപുര പൊലീസ് മേധാവിയുമായ രാജേന്ദ്രന്റെ ചേട്ടൻ എൻ. മോഹനന്റെ ഓർമ്മ ദിനമായിരുന്നു ഇന്നലെ. 1999 ഒക്ടോബർ 3നാണ് ഇദ്ദേഹം കഥാവശേഷനായത്.' മോഹനൻ ചേട്ടന്റെ ഒരു കഥയിലെ പ്രധാന കഥാപാത്രമായിരുന്നൂ വഴിയിൽ മറിയ (വഴീ മറിയ) .
രാമപുരം പഞ്ചായത്തിലെ തന്നെ ഒരു ഗ്രാമത്തിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞു. ഇതു കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. പറ്റിയാൽ അവരെ ഒന്നു പോയി കാണണമെന്നുണ്ട് ' .രാജേന്ദ്രൻ പറഞ്ഞു.

'എണ്ണക്കറുപ്പിന്റെ അഴക്. കടഞ്ഞെടുത്ത ശരീരം. വിടർന്ന് മദാലസ ഭാവമുള്ള മിഴികൾ .ആരു കണ്ടാലും ഇമ ചിമ്മാതെ നോക്കി നിന്നു പോകും' ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ വഴിയിൽ മറിയയെപ്പറ്റി എൻ.മോഹനൻ തന്നെ പറഞ്ഞ അഭിപ്രായം. ജീവിതാനുഭവങ്ങളുടെയും കാഴ്ചകളുടേയും നേർ ചിത്രങ്ങളായിരുന്നൂ എൻ. മോഹനന്റെ പല കഥകളും.
വഴിയിൽ മറിയ, മോഹനന്റെ വീടിനു സമീപം റോഡു സൈഡിൽ വീടുവെച്ചു താമസിച്ചിരുന്ന ഒരു യുവതിയായിരുന്നു.' ചേട്ടന്റെ കഥകളിൽ നഷ്ടപ്രണയവും, ഗൃഹാതുരതയും ദു:ഖഭാവങ്ങളുമൊക്കെ നിറഞ്ഞുനിന്നു. ഇത്രയും പൈങ്കിളി വേണോ ചേട്ടാ എന്ന് ഞാനൊരിക്കൽ ചോദിച്ചു. 'ഇതൊക്കെ ജനം വായിക്കുമെടാ, പൈങ്കിളിയാണോ എന്ന് കാലം വിലയിരുത്തുമെന്നായിരുന്നൂ മോഹനന്റെ മറുപടിയെന്ന് രാജേന്ദ്രൻ പറഞ്ഞു. ഈ കഥ പിന്നീട് പ്രസിദ്ധമായൊരു സിനിമയായി. പഴയ വാക്കുകളോർത്ത് ചേട്ടനെ കുമ്പിട്ട നിമിഷം.

ലളിതാംബിക അന്തർജ്ജനത്തെപ്പോലെ അച്ഛൻ നാരായണൻ നമ്പൂതിരിപ്പാടും മോഹനൻ ഉൾപ്പെടെയുള്ള 7 മക്കളും കഥകളും കവിതകളുമൊക്കെ എഴുതിയിട്ടുണ്ട്. മൂത്ത സഹോദരിമാരായ മണി കൃഷ്ണനും രാജം ബാലനും ഇപ്പോൾ ഓർമ്മപ്പുസ്തകം എഴുതി വരികയാണെന്നും എൻ.രാജേന്ദ്രൻ പറഞ്ഞു. സഹോദരങ്ങളിൽ ഏറ്റവും ഇളയ ആളാണ് ഇദ്ദേഹം. ത്രിപുരയിലെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന വിരമിച്ച ശേഷം രാജേന്ദ്രനാണിപ്പോൾ ലളിതാംബിക അന്തർജ്ജനത്തിന്റെ രാമപുരത്തെ തറവാട്ടു വീട്ടിലാണ് താമസം. അന്തർജ്ജനത്തിന്റെ മരണശേഷം അവരുടെ പെട്ടിയിൽ നിന്നു കണ്ടെത്തിയ നിരവധി സാഹിത്യ സൃഷ്ടികൾ രാജേന്ദ്രൻ മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. അമ്മയും അച്ഛനും സഹോദരങ്ങളുമായുള്ള ഓർമ്മകൾ ഇഴ ചേർത്ത് പുസ്തകമെഴുതാനുള്ള തയാറെടുപ്പിലാണ് ഈ ഐ.പി.എസുകാരൻ.