വൈക്കം: രാജഭരണത്തിന്റെ ശേഷിപ്പായ വൈക്കത്തെ പഴയ ബോട്ടുജെട്ടി പുനർനിർമ്മിച്ച് ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ പദ്ധതിയായി.
തിരുവിതാംകൂർ രാജവംശത്തിന്റെ ശംഖുമുദ്രയുടെ ഗാംഭീര്യം പേറുന്ന പഴയ ബോട്ടുജെട്ടി കാലപഴക്കത്താൽ തകർന്നു ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. അധസ്ഥിതർക്ക് വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന വൈക്കം സത്യഗ്രഹ സമരത്തിനു ഊർജം പകരാനെത്തിയ മഹാത്മ
ഗാന്ധി ജലമാർഗ്ഗം സഞ്ചരിച്ച് വൈക്കം ബോട്ടുജെട്ടിയിലിറങ്ങി അവിടെ നിന്നുകൊണ്ടാണ് ഇരുപതിനായിരത്തോളം വരുന്ന പുരുഷാരത്തെ അഭിസംബോധന ചെയ്തത്. അവിടെ നിന്നാണ് ഗാന്ധിജി സത്യഗ്രഹസമരഭൂമിയിലെത്തിയത് . മഹാത്മാക്കളുടെ പാദസ്പർശമേറ്റ, ചരിത്രമുറങ്ങുന്ന പഴയ ബോട്ടുജെട്ടി കെട്ടിടം പുനർനിർമ്മിച്ച് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ദീർഘകാലകാലത്തെ പഴക്കമുണ്ട്.40 ലക്ഷം രൂപ വിനിയോഗിച്ചു ഇറിഗേഷൻ വകുപ്പാണ് ബോട്ടുജെട്ടി പുനർനിർമ്മിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്ന് സി.കെ.ആശഎം.എൽ.എ അറിയിച്ചു.