
കോട്ടയം : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ തമ്മിൽ ഏകോപനമില്ലാത്തത് പദ്ധതി നിർവഹണത്തെയും വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലേയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ അതത് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് അയർക്കുന്നം പഞ്ചായത്തിനെയാണ്.
പഞ്ചായത്ത് തുക അനുവദിച്ച പദ്ധതിയിൽ 204 മീറ്റർ എക്സ്റ്റൻഷൻ പൈപ്പ് സ്ഥാപിച്ചത് ജില്ലാ പഞ്ചായത്താണ്. പൈപ്പ് സ്ഥാപിച്ചതല്ലാതെ പദ്ധതി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്തില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ആറാം വാർഡിലെ ജനപ്രതിനിധി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കിയ ശേഷമാണ് ഇത് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടാണെന്ന് തിരിച്ചറിയുന്നത്. ഇത് കൂടാതെ നീറിക്കാട് ഹരിജൻ കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രോജക്ടും, ജില്ലാ പഞ്ചായത്തിലെ പകൽവീട് പദ്ധതിയും ഏകോപനമില്ലാത്തതിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു.
രണ്ടുതട്ടിൽ
ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രധാന കാരണം. ഇത് മൂലം പല പദ്ധതികളും പാതിവഴിയിൽ ഇഴഞ്ഞു നീങ്ങുകയോ, പൂർത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്‌തിട്ടുണ്ട്.
രജിസ്റ്ററുകളിലും പ്രശ്‌നങ്ങൾ ഏറെ
ജില്ലാ പഞ്ചായത്തിന്റെ ആസ്തികളുടെ കണക്കുകൾ ശേഖരിച്ചു സൂക്ഷിച്ചിട്ടില്ല.
ആസ്തികൾ കണക്കു കൂട്ടാത്തതിനാൽ ജനറൽ ഫണ്ട് കൃത്യമല്ല
ഡിപ്പോസിറ്റ് രജിസ്റ്ററും കൃത്യമല്ല