
കോട്ടയം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച ജില്ലയിൽ ഇന്ന് സമരവേലിയേറ്റം. സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധവുമായി ബി.ജെ.പിയും, യു.പിയിലെ പീഡനങ്ങൾക്കെതിരെ കോൺഗ്രസും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഗാന്ധിസ്‌ക്വയറിലാണ് രണ്ടുപരിപാടികളും. രാവിലെ 10 മുതൽ കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കുര്യൻ ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ഡോ.പി.ആർ സോന, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ് , കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി ,പി.എ സലീം, നാട്ടകം സുരേഷ്, പി.എസ് രഘുറാം, സുധാ കുര്യൻ എന്നിവർ പങ്കെടുക്കും .
കഴിഞ്ഞ ദിവസം നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിനെയും പ്രവർത്തകരെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ കോട്ടയം നഗരത്തിലെ 144 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ 11 മുതൽ 11.30 വരെ അഞ്ചുവീതം പ്രവർത്തകർ പ്ലക്കാർഡുകളും ഏന്തിയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും സമരത്തിൽ പങ്കുചേരും. കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും.