
കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസർമാരെ തദ്ദേശസ്ഥാപനതലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്ടർ ഓഫീസർമാരും നീരീക്ഷകരുമായി നിയോഗിച്ച് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവായി. തങ്ങളുടെ അധികാര പരിധിയിലുള്ള മേഖലകളിൽ പ്രതിരോധ ക്രമീകരണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ആരോഗ്യം, റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം എന്നിവയ്ക്ക് പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കൊവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ആദ്യ ഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്ന ഇവർ കളക്ടർക്ക് നേരിട്ടായിരിക്കും റിപ്പോർട്ട് ചെയ്യുക.
ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവ
ബ്രേക്ക് ദ ചെയിൻ കാമ്പയിൻ
ക്വാറന്റൈൻ, ഐസൊലേഷൻ
കൊവിഡ് പ്രോട്ടോക്കോൾ പാലനം
മൈക്രോ കണ്ടെയ്ൻമെന്റ്
 റിവേഴ്‌സ് ക്വാറന്റൈൻ
വിപുലമായ അധികാരം
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസിന്റെ സഹായത്തോടെ കേസ് രജിസ്റ്റർ ചെയ്യാനും ഇവർക്ക് അധികാരമുണ്ടായിരിക്കും. ചുമതലകൾ നിർവഹിക്കുന്നതിന് സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സേവനവും സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. സർക്കാരിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് സെക്ടർ ഓഫീസർമാർ മറ്റു വകുപ്പുകളിൽനിന്ന് നിലവിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണ്. താലൂക്ക് ഇൻസിഡന്റ് സിസ്റ്റത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരായിക്കും താലൂക്ക് തലത്തിൽ സെക്ടർ ഓഫീസർമാരുടെ പ്രവർത്തനം ഏകോപിപ്പിക്കുക.