ഈരാറ്റുപേട്ട: മേലുകാവിൽ മോഷണം നടത്തി കടന്നുകളഞ്ഞവർക്കായി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിൽ. തിടനാട് മല്ലികശേരിയിലെ 40 ഏക്കർ വരുന്ന റബർതോട്ടത്തിലാണ് മോഷണസംഘത്തിനായി തിരച്ചിൽ നടന്നത്. ഏറെനേരം തിരച്ചിൽ നടത്തിയിട്ടും മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെയാണ് മേലുകാവിലെ മൊബൈൽ കടയിൽ മോഷണം നടന്നത്. ഇത് സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ മോഷണസംഘം ബൈക്കുമായി കടന്നുകളഞ്ഞു. ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സമീപ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. തിടനാട് വച്ച് പൊലീസ് ബൈക്കിന് കൈ കാട്ടിയതോടെ വാഹനം പിണ്ണാക്കനാട് റോഡിലേയ്ക്ക് തിരിഞ്ഞ് രക്ഷപെട്ടു. പെട്രോൾ തീർന്നതോടെ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ സമീപത്തെ റബർ തോട്ടത്തിലേയ്ക്ക് കയറി. പിന്നാലെ പൊലീസും പാഞ്ഞു. നാട്ടുകാർ ചിലരെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് മേലുകാവ്, തിടനാട്, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.