hareesh

അടിമാലി:വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാസർകോട് തൃക്കരിപ്പൂർ കടപ്പുറം പുതിയപറമ്പത്ത് പി.പി.ഹരീഷ് (ജോബി-33) മരിച്ചു. അവിവാഹിതനാണ്.

ചിത്തിരപുരത്തെ ഹോം സ്റ്റേ ഉടമ കൊട്ടാരത്തിൽ തങ്കപ്പന്റെ ഡ്രൈവറായി പ്രവർത്തിച്ചു വരുകയായിരുന്ന ഇയാൾ കഴിഞ്ഞ മാസം 27 നാണ് വ്യാജമദ്യം കഴിച്ചത്. ട്രാവൽ ഏജന്റ് ആയ തൃശൂർ മാള കുഴിക്കാട്ട്‌ശേരി സ്വദേശി മനോജ് മോഹനൻ തയ്യാറാക്കി കൊണ്ടുവന്ന വ്യാജ മദ്യം മനോജിനൊപ്പം തങ്കപ്പനും ഹരീഷും കഴിക്കുകയായിരുന്നു.അവശരായ മൂവരെയും പിറ്റേന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തങ്കപ്പന്റെയും ഹരീഷിന്റെയും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തങ്കപ്പൻ ഗുരതരവസ്ഥ തരണം ചെയ്തു വരുന്നു. മനോജിന്റെ കാഴ്ചശക്തി 90 ശതമാനം നഷ്ടമായി.

സാനിട്ടൈസർ നിർമ്മിക്കുന്നതിനാവശ്യമായ മീതൈൽ ആൽക്കഹോൾ ചേർത്താണ് വ്യാജമദ്യം നിർമ്മിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മനോജിന്റെ വീട്ടിൽ നിന്ന് 9 ലിറ്റർമീതൈൽ ആൽക്കഹോൾ എക്‌സൈസ് സംഘം കണ്ടെടുത്തിരുന്നു.