പാലാ: കുഴികൾ നിറഞ്ഞ റോഡിൽ ബൈക്ക് യാത്രികനായ ബാങ്കുദ്യോഗസ്ഥനും കുടുംബവും വീണു; പിറ്റേന്ന് നാട്ടുകാർ പിരിവെടുത്ത് പഞ്ചായത്ത് വഴി നന്നാക്കി. ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്നും ഹരിജൻ കോളനി ജംഗ്ഷൻ വഴി പള്ളത്തുമലയിലേയ്ക്കുള്ള റോഡിലെ കുഴികളാണ് നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് നികത്തിയത്.
ഹരിജൻ കോളനി ഭാഗത്ത് ഉയർന്ന കയറ്റത്തിനു സമീപം റോഡിന്റെ ഒരു വശത്ത് ഓട പൊളിഞ്ഞു കിടക്കുകയാണ്. മെറ്റലുകളിൽ ഇളകി മാറി റോഡിൽ നിറയെ കുഴികളും. പല ഭാഗത്തും റോഡിനു വീതിയുമില്ല.
ഇന്നലെ ഇതുവഴി എത്തിയ ബാങ്കുദ്യോഗസ്ഥന്റെ ബൈക്ക് കുഴിയിൽപ്പെട്ടു മറിഞ്ഞു. ഭാര്യയും കൈക്കുഞ്ഞും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുമ്പും പല തവണ റോഡിൽ ചെറുതും വലുതുമായ അപകടങ്ങളുണ്ടായിട്ടുണ്ട്. ജോണി പള്ളിയാരടി, എം. ആർ. സോമൻ , ജനാർദ്ദനൻ വാണിയിടത്ത്, ഷിജു ഗോപാലകൃഷ്ണൻ, ബാബു പുന്നത്താനം, റെജിമോൻ, സാബു മുതൂറ്റ്, സുധീഷ് സോമൻ തുടങ്ങിയവർ ജോലികൾക്ക് നേതൃത്വം നൽകി.