അടിമാലി: തങ്ങൾ കഴിക്കുന്നത് തനി നാടൻ ചാരായമാണെന്ന് കരുതി, വിഷമദ്യമാണെന്നറിഞ്ഞപ്പോഴേയ്ക്കും എല്ലാം വൈകി. ചിത്തിരപുരം ഡോബിപാലത്തെ കൊട്ടാരത്തിൽ തങ്കപ്പന്റെ ഹോം സ്റ്റേയുടെ നടത്തിപ്പുകാരനായിരുന്നു വ്യാജമദ്യം കഴിച്ച് ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച മരിച്ച ഹരീഷ് . ട്രാവൽ ഏജന്റും ഡ്രൈവറുമായ തൃക്കരിപ്പൂർ കടപ്പുറം സ്വദേശിയായ ഹരീഷ് മൂന്നാർ സന്ദർശനത്തിനിടയിലാണ് മൂന്ന് വർഷം മുൻപ് തങ്കപ്പന്റെ ഹോം സ്റ്റേയിൽ എത്തുന്നത്.പിന്നീട് ഹോം സ്റ്റേയുടെ നടത്തിപ്പ് ഹരീഷി നായിരുന്നു. തങ്കപ്പന്റെ ഭാര്യ കഴിഞ്ഞ വർഷം മരിച്ചതിനെ തുടർന്ന് വീട്ടിലെ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഹരീഷായിരുന്നു. തങ്കപ്പനൊടൊപ്പം വ്യാജമദ്യം കഴിച്ച ഹരീഷിന് ശാരീരക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ ശാരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച തങ്കപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത് ഹരീഷായിരുന്നു. അടിമാലിയിലെ സ്വകാര്യ അശുപത്രിയിൽ തങ്കപ്പനെ പരിചരിച്ചു കൊണ്ടു നിലക്കുമ്പോഴാണ് ഹരീഷ് തലകറങ്ങി വീഴുന്നത്.തുടർന്ന് ഇരുവരെയും കോലൻഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഹരീഷിന്റെ നില ദിനംപ്രതി വഷളാവുകയായിരുന്നു. രക്തത്തിൽ വിഷമദ്യം പൂർണ്ണമായും കലർന്നിരുന്നു. വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലാവുകയും, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.പിന്നീടാണ് മരണം സംഭവിച്ചത്.