pepper
സാവധാന വാട്ടം ബാധിച്ച കുരുമുളക് ചെടി.

കട്ടപ്പന: വിലയിടിവിനു പിന്നാലെ ഹൈറേഞ്ചിൽ കുരുമുളക് ചെടികൾക്ക് രോഗബാധ. വിവിധ മേഖലകളിലെ ചെടികൾക്ക് മഞ്ഞളിപ്പ് എന്നും സാവധാന വാട്ടം എന്നും അറിയപ്പെടുന്ന രോഗബാധയാണിപ്പോൾ കണ്ടുവരുന്നത്. ഇതോടെ ചെടികൾ വാടിക്കൊഴിഞ്ഞ് നശിക്കുന്നു. രോഗബാധയേൽക്കുന്ന ചെടികളിലെ ഉത്പ്പാദനം ക്രമാതീതമായി കുറഞ്ഞ് ഒരുവർഷത്തിനുള്ളിൽ കരിഞ്ഞുണങ്ങി നശിക്കും. ഓഗസ്റ്റിലെ പേമാരിക്കുശേഷം പകൽച്ചൂട് വർദ്ധിച്ചതോടെയാണ് രോഗബാധ പിടിപെട്ടത്. പുരയിടത്തിലെ ഒരു ചെടിയിൽ പിടിപെട്ടാൻ മറ്റുള്ളവയിലേക്കും വേഗത്തിൽ വ്യാപിക്കും. നീമാവിര, കുമിൾ, മീലിമുട്ട എന്നിവ മൂലമാണ് സാവധാന വാട്ടം ബാധിക്കുന്നത്. നീമാവിരകൾ ചെടിയുടെ തണ്ട് തുരന്ന് മുട്ടയിടുന്നതോടെ മാസങ്ങൾക്കുള്ളിൽ കുമിൾബാധയേറ്റ് ചീയുന്നു. തുടർച്ചയായ പ്രളയങ്ങളിൽ ഹൈറേഞ്ചിലെ കുരുമുളക് കൃഷി വ്യാപകമായി നശിച്ചതോടെ ഉത്പ്പാദനവും ഗണ്യമായി കുറഞ്ഞിരുന്നു. കൂടാതെ മൂന്നുവർഷത്തിലധികമായി വില ഉയരാത്തതിനാൽ കർഷകർ കുരുമുളക് കൃഷിയിൽ വലിയ തോതിൽ ശ്രദ്ധ ചെലുത്തുന്നില്ല.

ഇറക്കുമതിക്ക്

കുറവില്ല

നാലുവർഷം മുമ്പ് 700 രൂപയായിരുന്ന കുരുമുളക് വില തുടർച്ചയായ വർഷങ്ങളിൽ കൂപ്പുകുത്തുകയായിരുന്നു. കൊവിഡ് കാലത്ത് വില കുത്തനെ ഇടിഞ്ഞ് 280ലെത്തിയിരുന്നു. ഇപ്പോൾ 315 രൂപ വിലയുണ്ടെങ്കിലും ഉത്പ്പാദനം കുറവാണ്. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതി നിർബാധം തുടരുന്നതിനാൽ ഇടുക്കിയിൽ ഉൽപാദിപ്പിക്കുന്ന കുരുമുളകിന് ഡിമാൻഡില്ല. വിലയിടിവിനെ തുടർന്ന് കേന്ദ്ര സർക്കാർ 500 രൂപ തറവില നിശ്ചയിച്ചിട്ടും കർഷകർക്ക് രക്ഷയില്ല.