
കുറവിലങ്ങാട് : കെ.എസ്.ഇ.ബി നിർമ്മിക്കുന്ന 400 കെ.വി ഗ്യാസ് ഇൻസലേറ്റഡ് സബ്‌സ്റ്റേഷൻ നിർമാണത്തിന്റെ ഉദ്ഘാടനം ഇന്ന് കുറവിലങ്ങാട് നടക്കും. പരിപാലന ചെലവും വൈദ്യുതിതടസ സാദ്ധ്യത കുറവുള്ളതുമായ ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന കേരളത്തിലെ ആദ്യ സബ്‌സ്റ്റേഷന് 285 കോടി രൂപയുടെ ഭരാണാനുമതിയാണ് ലഭിച്ചത്. ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കും. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. കൊവിഡ് മാനദണ്ഡം അനുസരിച്ചാണ് പരിപാടികൾ.
രണ്ട് ട്രാൻസ്ഫോമറുകൾ
സാധാരണ സബ്‌സ്റ്റേഷനുമായി താരതമ്യം ചെയ്യുമ്പോൾ 40% സ്ഥലം മാത്രം മതി. 315 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോമറുകളാണ് സ്ഥാപിക്കുക. പദ്ധതി പൂർത്തിയായാൽ 1196.5 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ വാർഷിക പ്രസരണനഷ്ടം ഒഴിവാക്കാം. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന് ഈ സബ്‌സ്റ്റേഷന് കഴിയുമെന്നത് വലിയ നേട്ടമാണ്.