
കോട്ടയം: വൈറസിനെ തോൽപ്പിക്കാൻ നാടൻ വഴികൾ തേടി മലയാളികൾ ഇറങ്ങിയതോടെ പുൽതൈലത്തിന് ഡിമാൻഡ് കൂടി. അണുനാശിനിയായ പുൽതൈലം തേടി ആദിവാസി കോളനികളിലും വനംവകുപ്പ് ഓഫീസുകളിലും കയറിയിറങ്ങുകയാണ് സാധാരണക്കാരും വ്യാപാരികളും. എന്നാൽ മിക്കയിടത്തും പുൽതൈലം കിട്ടാനില്ല. ആദിവാസി മേഖലകളിലാണ് പുൽതൈലം നിർമ്മിക്കാനാവശ്യമായ പുല്ല് വളരുന്നത്. കേരളത്തിൽ മറയൂരിലും വയനാട്ടിലുമാണ് പുൽതൈലപുല്ല് വാറ്റിയെടുക്കുന്നത്. ആദിവാസികളാണ് ഇത് പ്രധാനമായും ചെയ്യുന്നതെങ്കിലും ചിലർ വ്യാവസായികാടിസ്ഥാനത്തിൽ പുല്ല് കൃഷിചെയ്ത് തൈലം വാറ്റിയെടുക്കുന്നുണ്ട്. പക്ഷേ, തൈലത്തിന് വില ലഭിക്കാതായതോടെ മിക്കവരും കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഇതോടെയാണ് പുൽതൈല ലഭ്യത കുറഞ്ഞത്. തൈലത്തിന് വിലയും ആവശ്യക്കാരും ഏറിയതോടെ വീണ്ടും പുൽകൃഷിയിലേയ്ക്കും തൈലം വാറ്റുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണ് മറയൂരിലെ കർഷകർ.
നിർമ്മാണം നിയമാനുസൃതം
ഉയർന്ന പ്രദേശങ്ങളിലാണ് ഈ പുല്ല് വളരുന്നത്. ഇത് വെട്ടിയെടുത്തുകൊണ്ട് വന്ന് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആവിയാക്കി തണുപ്പിച്ചെടുക്കുന്നതാണ് പുൽതൈലം. ഇത് വാറ്റിയെടുക്കുന്നത് നിയമാനുസൃതമാണ്. സർക്കാർ ആദിവാസികളിൽ നിന്നും ശേഖരിക്കുന്ന പുൽതൈലം വനംവകുപ്പിന്റെ എക്കോഷോപ്പുകളിൽ വിറ്റിരുന്നു. 100 മില്ലിക്ക് 220 രൂപയായിരുന്നു വില. സർക്കാർ ആദിവാസികളിൽ നിന്നും ശേഖരിക്കുന്ന പുൽതൈലം വനംവകുപ്പിന്റെ എക്കോഷോപ്പുകളിൽ വിറ്റിരുന്നു. 100 മില്ലിക്ക് 220 രൂപയായിരുന്നു വില. വ്യാവസായികാടിസ്ഥാനത്തിൽ ആദിവാസികൾ ഇത് വാറ്റിയെടുത്ത് വിറ്റിരുന്നു. മറയൂരിൽ ഏക്കർ കണക്കിന് പുല്ല് കൃഷിചെയ്തിരുന്നു. വയനാട്ടിലും കൂടുതൽ സ്ഥലത്ത് ഇത് കൃഷിചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കൃഷി ലാഭകരമല്ലാതായതോടെ മിക്കവരും ഈ കൃഷി ഉപേക്ഷിക്കുകയായിരുന്നു.
വീടുകളിൽ ഇത് പരക്കെ ഉപയോഗിച്ചിരുന്നത് തറകൾ തുടക്കുവാനും ബാത്ത് റൂമുകൾ ശുചിയാക്കുവാനുമാണ്. ആശുപത്രികൾ ശുചിയാക്കാനും പുൽതൈലം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആവശ്യക്കാർ ഏറിയതോടെ പുൽതൈലത്തിന് വില കൂടി. 100മില്ലിക്ക് 350 രൂപയാണ് വില.  ഗുണനിലവാരമുള്ള പുൽതൈലം മറയൂരിൽ ഉല്പാദിപ്പിച്ചിരുന്നു. ഇവർ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് ഇവിടെ നിന്നും വിദേശത്തേക്ക് കയറ്റിയച്ച തൈലം ഗുണനിലവാരമില്ലായെന്ന് കണ്ടെത്തി തിരിച്ചയച്ച സംഭവവുമുണ്ടായി. മൊത്തക്കച്ചവടക്കാർ കൊള്ള ലാഭം കൊതിച്ച് തൈലത്തിൽ മായം ചേർത്ത് അളവ് കൂട്ടി കയറ്റുമതി ചെയ്തതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് മറയൂരിൽ പുൽതൈല നിർമ്മാണവും വ്യാപാരവും പ്രതിസന്ധിയിലായത്. കർഷകർ പരമ്പരാഗതമായി ഉത്പ്പാദിപ്പിക്കുന്ന തൈലത്തിന് ആവശ്യക്കാർ ഏറെയാണ്.