
കൊള്ളയടിച്ച് സ്വകാര്യ ആശുപത്രികൾ
കൈമലർത്തി അധികൃതർ
കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിതർ കൂടിയതോടെ കിടത്താൻ ഇടമില്ലാതെ തല പുകയ്ക്കുകയാണ് ആരോഗ്യ വകുപ്പ് . അതീവ ഗുരുതരാവസ്ഥയെങ്കിൽ മാത്രം ആശുപത്രി. അല്ലെങ്കിൽ വീട്ടിൽ തന്നെ വിശ്രമിച്ചാൽ മതിയെന്ന നിലപാടിലാണ് അധികൃതർ. കോട്ടയം നഗരസഭയിലെ ഒരു വാർഡിൽ ഒരു വയസുള്ള കുട്ടിയടക്കം നാല് പേർക്ക് രണ്ടു ദിവസം മുമ്പ് കൊവിഡ് പോസീറ്റീവെന്ന് കണ്ടെത്തി. ഇടമില്ലാത്തതിനാൽ ഇവരെ വീട്ടിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. അടുത്തടത്തു വീടുകളുള്ള പ്രദേശമാണിത്. നാട്ടുകാർ പരാതിപ്പെട്ടപ്പോൾ രോഗം ഭേദമായവർ പോയി മുറി ഒഴിവ് വന്നാലേ നാലു പേരേയും മാറ്റാൻ കഴിയൂ എന്ന് അധികൃതർ കൈമലർത്തുകയാണ്. അണുനശീകരണത്തിനുള്ള ഏർപ്പാട് വാർഡ് കൗൺസിലർ ചെയ്തതിന്റെ ആശ്വാസത്തിൽ കഴിയുകയാണ് അയൽവാസികൾ.
കഴുത്തറുപ്പൻ നിരക്ക്
കൊവിഡ് ആർ.ടി പി.സി.ആർ ടെസ്റ്റിന് അംഗീകൃത ലാബുകൾ 2750 രൂപയാണ് ഈടാക്കുന്നത്. ഒരാൾ രണ്ട് തവണ ടെസ്റ്റ് നടത്തുന്നതിന് 5500 രൂപയാകും. കൊവിഡിന് ഇതുവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആശുപത്രികൾ ഒരു ദിവസം മുറിവാടകയും മരുന്നിനുമെന്ന പേരിൽ 5000 രൂപ ഈടാക്കുന്നു, ഐ.സിയു, വെന്റിലേറ്റർ സൗകര്യമെങ്കിൽ തുക അഞ്ചക്കം വരെ എത്തും. കേസുകൾ കൂടിയതോടെ രോഗിയുമായുള്ള സമ്പർക്കം വഴി ക്വാറന്റൈൻ ആകുന്നവരെ പരിശോധിക്കുന്നത് സർക്കാർ ആശുപത്രികളിലും കുറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ പത്തു ശതമാനം കിടക്കകൾ കൊവിഡ് ബാധിതർക്കായി നീക്കിവയ്ക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിരക്ക് നിശ്ചയിക്കാത്തതിനാൽ ആളും തരവും നോക്കി കഴുത്തറുപ്പൻ നിരക്ക് പല സ്വകാര്യ ആശുപത്രികളും ഈടാക്കുകയാണ്. ഏകീകൃത നിരക്ക് നിശ്ചയിക്കണമെന്ന ആവശ്യത്തിൽ ഒരു ചർച്ചയും ബന്ധപ്പെട്ടവർ നടത്തുന്നുമില്ല.
ക്വാറന്റൈൻ 20000 കടന്നു
കോട്ടയം ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണം 20571 ആയി. 5000 പേരോളം ചികിത്സയിലുണ്ട്. സമ്പർക്കം വഴി രോഗ ബാധിതരാകുന്നവർ ഓരോ ദിവസവും 95 ശതമാനത്തിന് മുകളിലേക്ക് കടന്നു.