
കോട്ടയം: ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാനാണ് പ്ളസ്ടു വിദ്യാർത്ഥി മുഹമ്മദ് ഹസൻ അലങ്കാരമത്സ്യക്കുഞ്ഞുങ്ങളുമായി ചങ്ങാത്തം കൂടിയത്. മീൻ വളർന്നതിനൊപ്പം ഹസൻ ഒരു കൊച്ചു സംരംഭകനുമായി . ഓൺലൈൻ ക്ളാസിന്റെ ഇടവേളകളിൽ പാമ്പാടിയിൽ കെ.കെ. റോഡരികിൽ ജ്യൂസ് കുപ്പിയിൽ മീനിനെ വിൽക്കുന്ന ഹസന്റെ മാസവരുമാനമെത്രയെന്നോ: ഇരുപതിനായിരം രൂപ.
ചെറുകുപ്പികളിൽ പലനിറങ്ങളിൽ വാലിട്ടടിച്ച് നീന്തുന്ന ഫൈറ്റർ കുഞ്ഞുങ്ങളെ കണ്ടാൽ വണ്ടി നിറുത്തി വാങ്ങാതിരിക്കാൻ തോന്നില്ല. ഹെഡ് ഫോണിലൂടെ സദാസമയം പാട്ടുംകേട്ട്, മുടിനീട്ടി വളർത്തി, കൊലുന്നനെയുള്ള ഫ്രീക്കൻ പയ്യനോട് മീനിന്റെ വിലചോദിക്കാൻ ഇറങ്ങിയാൽ ഉറപ്പായും വാങ്ങിയിരിക്കും.
ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി, പാമ്പാടി കുളത്തുംകുഴിയിൽ മുഹമ്മദ് ഹസൻ മാസം ഇരുപതിനായിരത്തിലേറെ രൂപയുണ്ടാക്കുന്നത് അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ വിറ്റാണ്. അദ്ധ്യാപകരും സഹപാഠികളും മീൻ വാങ്ങിച്ച് സഹകരിച്ചപ്പോൾ വിൽപ്പന റോഡരികിലേയ്ക്ക് മാറ്റുകയായിരുന്നു. യാതൊരു സങ്കോചവുമില്ലാതെ വഴിയിരികിലെ വിൽപ്പനയിലൂടെ പണം സമ്പാദിക്കുന്ന ഹസൻ പുതുതലമുറയ്ക്കും മാതൃക.
200 രൂപ വരെ വിലയുള്ള മീനുകളുണ്ട് ഹസന്റെ കൈയിൽ. ഫൈറ്ററിന്റെ വിവിധ ഇനങ്ങളായ ഫുൾമൂൺ, ഹാഫ് മൂൺ, ഫുൾ മൂൺ വിത്ത് ഡമ്പോ ഇയർ എന്നിങ്ങനെ നീളുന്നു വൈവിദ്ധ്യങ്ങൾ. വീട്ടിൽ അറുനൂറിലേറെ ഫൈറ്റർ മത്സ്യങ്ങളുണ്ട്. ചെന്നൈയിൽ നിന്നാണ് വാങ്ങുന്നത്. മീനിനെ വളർത്തുന്നത് യൂട്യൂബ് നോക്കിയാണ് പഠിച്ചത്.
ദിവസവും പന്ത്രണ്ട് പീസുവരെ വിറ്റുപോകുന്നുണ്ടെന്ന് ഹസൻ പറയുന്നു. മഴ വന്നാൽ വിൽപ്പന കുറയും. എങ്കിലും കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെറുതല്ലാത്തൊരു തുക വീട്ടിൽ കൊടുക്കാനാകുന്നതിന്റെ സന്തോഷമുണ്ട് ഹസന്റെ മുഖത്ത്.