
തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട മലങ്കര ടൂറിസം ഹബ്ബ് തുറക്കൽ വൈകുമെന്ന് ടൂറിസം വകുപ്പ് അധികൃതർ. ഒക്ടോബർ ആദ്യ ആഴ്ച്ചയിൽ നിയന്ത്രണങ്ങളോടെ തുറക്കാൻ ചർച്ചകൾ നടന്നെങ്കിലും കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീരുമാനം വൈകും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നാംഘട്ട ലോക്ക് ഡൗണിൽ മറ്റ് ടൂറിസം സ്ഥലങ്ങളിലേക്ക് ആളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് പ്രകാരം മലങ്കര ഹബ്ബിലേക്കും പ്രവേശനം തടഞ്ഞിരുന്നു. കഴിഞ്ഞ നവംബർ 3നാണ് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം ആളുകൾ കുടുംബസമേതമാണ് ഇവിടേക്ക് എത്തിയിരുന്നത്.
ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭപ്പെട്ടിരുന്നത്. ഏതാനും മാസങ്ങളായി അടഞ്ഞു കിടക്കുകയാണെങ്കിലും മലങ്കര ഹബ്ബ് സന്ദർശിക്കാൻ അനേകം ആളുകൾ എത്തുന്നുമുണ്ട്. എന്നാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ തിരിച്ച് പോവുകയാണ്. കൊവിഡിന്റെ ഭാഗമായി ജില്ലയിൽ തേക്കടി, ഇരവികുളം നാഷണൽ പാർക്ക് ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇവിടങ്ങളിൽ ഇപ്പോൾ ആളുകളെ പ്രവേശിപ്പിക്കുന്നുണ്ട്. അതേപോലെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മലങ്കര ടൂറിസം ഹബ്ബും ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ ഇടപെടൽ നടത്തണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.