നിർമ്മാണത്തിലെ അശാസ്ത്രീയത, പൊൻകുന്നം കപ്പാട് റോയൽ ബൈപാസിൽ അപകടങ്ങളേറെ
പൊൻകുന്നം:റോഡ് നവീകരണം, അറ്റകുറ്റപ്പണി എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ പണി നടക്കുന്നുണ്ടെങ്കിലും പൊൻകുന്നം കപ്പാട് റോയൽ ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് ഭയം ഒഴിയുന്നില്ല. കാരണം അത്രയ്ക്ക് അപകടകരമാണ് ഈ വഴി.നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടം പതിയിരിക്കുന്ന വളവുകളും. യാത്രക്കാരുടെ ആശങ്ക ഉയരാൻ ഇതിൽപരം എന്തുവേണം. ടാറിംഗിന്റെ അതിരുകൾ പലയിടത്തും അരയടിയിലധികം ഉയർന്നാണ് നിൽക്കുന്നത്. മഴവെള്ളപ്പാച്ചിലിൽ ഈ കട്ടിംഗുകൾ വലിയ കുഴികളായി മാറി.എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡുകൊടുക്കുമ്പോൾ ചെറു വാഹനങ്ങൾ അപകടത്തിൽപെടുന്നതും. കഴിഞ്ഞ ദിവസം വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 ഇല്ല ഒരു ബോർഡ് പോലും
അപകടമേഖലകൾ ഏറെയുണ്ടെങ്കിലും അടയാളബോർഡുകൾ ഒന്നുമില്ല. പൊൻകുന്നം പാലാ റോഡിൽ നിന്നു ആരംഭിക്കുന്ന ബൈപാസ് പൊൻകുന്നം തമ്പലക്കാട് വഴിയാണ് കപ്പാടെത്തുന്നത്. കഴിഞ്ഞ വർഷം 7 ലക്ഷം രൂപ ചെലവിട്ട് നടത്തിയ അറ്റകുറ്റപ്പണികളിൽ വലിയ അപാകതകൾ കണ്ടതിനെത്തുടർന്ന് റസിഡന്റ് അസോസിയേഷൻ ആക്ഷേപം ഉന്നയിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നും നടപടി ഉണ്ടാകാതെ വന്നതോടെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകുകയും റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കി ജീവനും സ്വത്തിനും അപകടമുണ്ടാക്കാത്ത രീതിയിൽ നിർമ്മാണം നടത്താൻ കമ്മിഷൻ ഉത്തരവിടുകയും ചെയ്തിരുന്നു.
അടിയന്തര നടപടിവേണം
റോഡ് നന്നാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റോയൽ ബൈപാസ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.മോഹൻ, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, സെക്രട്ടറി മാത്യു ജോസഫ് ഉതിരക്കുളം, ട്രഷറർ അലക്‌സ് പുതുമന എന്നിവർ ആവശ്യപ്പെട്ടു. അതേസമയം ഇപ്പോൾ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് ഫണ്ട് ലഭിക്കുന്നതെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ അറിയിച്ചു. നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ട് ചെലവഴിച്ച് അപാകതകൾ പരിഹരിക്കാനാകില്ല.അടുത്ത ഘട്ടം നിർമ്മാണത്തിൽ റോയൽ ബൈപാസിലെ കട്ടിംഗ് പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ പറഞ്ഞു.
ചിത്രവിവരണംപൊൻകുന്നം കപ്പാട് റോയൽ ബൈപാസ് റോഡിലെ അപകട വളവുകളിൽ ഒന്ന്.