fish-story
ശില്പയും നന്ദനയും മീൻ വ്യാപാരം നടത്തുന്നു

അടിമാലി: ആ പെൺകുട്ടികൾ മീൻ കച്ചവടക്കാരായി എത്തിയപ്പോൾ ആദ്യമൊക്കെ നാട്ടുകാർ കരുതി വെറുതെ നേരംപോക്കിനായിരിക്കുമെന്ന്, എല്ലാവരുടെയും കണക്ക്കൂട്ടൽ തെറ്റി, നല്ല മത്സ്യവ്യാപാരികളായി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ പേരെടുത്തു.ഇരുമ്പുപാലം വെട്ടിയ്ക്കൽ മനോജിന്റെ പെൺമക്കളായ ശില്പയും നന്ദനയുമാണ് ഇരുമ്പുപാലത്ത് പിതാവ് നടത്തി വന്നിരുന്ന പച്ച മീൻ വ്യാപാരം ഏറ്റെടുത്തത്. രണ്ട് മാസം മുൻപ് വീഴ്ചയിൽ കാൽ ഒടിഞ്ഞ പിതാവിന്റെ മീൻ വ്യാപാരം ഏറ്റെടുക്കുന്നതിന് ചേച്ചി ബി. ബി. എ വിദ്യാർത്ഥിനിയെന്നോ അനിയത്തി പ്ളസ് ടു കഴിഞ്ഞതാണെന്നോ ഒന്നും ഇരുവർക്കും പ്രശ്നമായിരുന്നില്ല. മീൻ വ്യാപാരത്തിലൂടെയാണ് മനോജ് വീട് പുലർത്തി പോന്നിരുന്നത് വീണ് കാൽ ഒടിഞ്ഞ് വീട്ടിൽ വിശ്രമത്തിലായതോടെ ഏതൊരു വീട്ടിലെയുമെന്നപോലെ സാമ്പത്തിക പ്രതിസന്ധിയിലായി. മറ്റ് വരുമാന മാർഗ്ഗം ഒന്നുമില്ലാത്ത ആ വീട്ടിൽ രണ്ട് പെൺമക്കളും അപ്പോൾ പുതിയ നിർദേശം വച്ചു. അച്ചൻ വിശ്രമിച്ചോളൂ, ഞങ്ങൾ മീൻ കച്ചവടം നടത്താം എന്ന് പറഞ്ഞപ്പോൾ മനോജ് ആദ്യം ഒരു തമാശയായേ കണ്ടുള്ളു. എന്നാൽ ആഗ്രഹത്തിൽ മക്കൾ ഉറച്ച് നിന്നപ്പോൾ പലവിധ ഒഴിവ്കഴിവ് പറഞ്ഞ് പിൻതിരിപ്പിക്കാൻ നോക്കി. ആൺമക്കളായിരുന്നെങ്കിൽ അനുവദിക്കില്ലായിരുന്നോ എന്നും പെൺകുട്ടികളെന്ന പരിമിതിയൊന്നും ഇല്ലാതെ തങ്ങൾക്ക് ആ ജോലി ചെയ്യാൻ കഴിയുമെന്നും മക്കൾ ഉറപ്പിച്ച് പറഞ്ഞു. അവരുടെ നിർബ്ബന്ധത്തിന് വഴങ്ങി സമ്മതിക്കാനേ പിതാവിനായുള്ളു. ഇരുവരും പുലർച്ചെ എത്തി മീൻ ശേഖരിച്ച് കടയിൽ വില്പന ആരംഭിച്ചു. ആദ്യം പെൺകുട്ടികൾ മീൻ വില്പനയ്ക്ക് വന്നിരിക്കുന്നത് കൗതുകത്തോടെ നോക്കിയ നാട്ടുകാർ പിന്നീട്എല്ലാ വിധ പിൻതുണയും നല്കുകയും ചെയ്തതോടെ അവരുടെ ആത്മവിശ്വാസം വർദ്ധിച്ചു.തുടർന്ന് നല്ല രീതിയിൽ വ്യാപാരം നടത്തി വരുന്നു ഇരുവരും. മീൻ ആവശ്യക്കാർക്ക് വെട്ടിക്കൊടുക്കാനും ഇവർ സമയം കണ്ടെത്തി. അടിമാലി മാർ ബേസിൽ കോളേജിലെ ബി.ബി.എ.വിദ്യാർത്ഥിനിയാണ് ശില്പ, അടിമാലി എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു പഠനം പൂർത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് നന്ദന. സിന്ധുവാണ് മാതാവ്.