
കോട്ടയം : മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക സാദ്ധ്യത തടയാൻ മാലിന്യങ്ങൾ നീക്കി ആഴം കൂട്ടും. മീനച്ചിലാറിന്റെ തീരത്തുള്ള പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ആസ്തിയിലുള്ള വീതിയിൽ ആഴം കൂട്ടി എക്കൽ, ചെളി മാലിന്യം, മണ്ണ് എന്നിവ നീക്കം ചെയ്യും. കൈയേറ്റം ഒഴിപ്പിക്കാനും പദ്ധതിയുണ്ട്. പനയ്ക്കപ്പാലം മുതൽ വേമ്പനാട്ട് കായലിൽ മീനച്ചിലാർ ചേരുന്ന പഴുക്കാനില കായൽ വരെ ആഴം കൂട്ടാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമാണ് പാലായിൽ നടക്കുന്നത്. എട്ടടിയോളം ഉയരത്തിലാണ് ഇവിടെ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുന്നത്. 2018ലുണ്ടായ വെള്ളപ്പൊക്കത്തേക്കാൾ കൂടിയ വെള്ളമാണ് കഴിഞ്ഞ ആഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ പാലാ നഗരത്തിൽ കയറിയത്. ഇത് വ്യാപാരികളടക്കം നൂറുകണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചു. നഗരത്തിലടക്കം പലയിടത്തും ഒരാൾ പൊക്കത്തിലേറെ കടകളിൽ വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്ക സമയത്ത് ആദ്യം വെള്ളം കയറുന്നത് പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ ആയിരുന്നു.
 67 കിലോമീറ്റർ
ഈരാറ്റുപേട്ടയിൽ നിന്ന് വേമ്പനാട്ടുകായലിലേക്ക് 67 കിലോമീറ്ററാണ് മീനച്ചിലാറിനുള്ളത്. തടയണകളിലും മണൽവാരിയുണ്ടായ ചെറിയ കുഴികളിലും മാലിന്യങ്ങൾ നിറയുക പതിവായിരുന്നു. മലിനീകരണം, തീരം കെട്ടൽ, കൈയേറ്റം തുടങ്ങി ഇഞ്ചിഞ്ചായി കൊല്ലുന്ന നദിയെ മാലിന്യ മുക്തമാക്കി ആഴം കൂട്ടി സുഗമമായി ജലമൊഴുകുന്നതിനുള്ള സൗകര്യം ഒരുക്കന്നതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാകുകയും വേനലിലും വെള്ളമൊഴുകുന്ന നദിയായി മീനച്ചിലാർ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മണൽക്കൊള്ള അനുവദിക്കരുത്
അതേസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം മണൽക്കൊള്ള നടത്താൻ അനുവദിക്കരുതെന്ന നിലപാടുമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മീനച്ചിലാറ്റിൽ നീക്കം ചെയ്യപ്പെടേണ്ട മാലിന്യങ്ങൾ എവിടെയൊക്കെയാണെന്ന് അധികാരകേന്ദ്രങ്ങൾ ഔദ്യോഗികമായി കണക്കെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.